| Saturday, 16th June 2012, 12:43 pm

ഒളിക്യാമറാ വിവാദത്തില്‍ തന്നെ കുടുക്കിയത് എസ്.ശര്‍മയും ചന്ദ്രന്‍ പിള്ളയും: ഗോപി കോട്ടമുറിക്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒളിക്യാമറാ വിവാദത്തില്‍ തന്നെ കുടുക്കിയത് മുന്‍ മന്ത്രി എസ്.ശര്‍മയും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കെ.ചന്ദ്രന്‍പിള്ളയുമാണെന്ന് ഗോപി കോട്ടമുറിക്കല്‍. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയ്ക്കിടേയാണ് ഗോപി കോട്ടമുറിക്കല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചന്ദ്രന്‍ പിള്ളയുടെ ലാപ് ടോപ്പ് പിടിച്ചെടുക്കാന്‍ അന്വേഷണകമ്മീഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശര്‍മയുടെ രണ്ട് പഴ്‌സനല്‍ സ്റ്റാഫിനെ ചോദ്യം ചെയ്യാനും അന്വേഷണ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗോപി വെളിപ്പെടുത്തുന്നു.

താനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട അഭിഭാഷകയില്‍നിന്ന് നിര്‍ബന്ധിച്ച് പരാതി എഴുതിവാങ്ങാന്‍ ശ്രമമുണ്ടായിട്ടുണ്ട്. അന്വേഷണകമ്മിഷന്‍ അംഗമാകുന്നതിനു മുന്‍പ് എം.സി.ജോസഫൈന്‍ അഭിഭാഷകയെ കണ്ടത് സംശയകരമാണെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.

നെടുമ്പാശ്ശേരിയില്‍ നിലംനികത്താന്‍ കൂട്ടുനില്‍ക്കാത്തതാണ് ശര്‍മയ്ക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. നെടുമ്പാശേരിയില്‍ സ്വകാര്യസ്ഥാപനത്തിനുവേണ്ടി 150 ഏക്കര്‍ നിലംനികത്താന്‍ എസ്.ശര്‍മയുടെ അറിവോടെ ശ്രമംനടന്നിട്ടുണ്ടെന്നും ഗോപി കോട്ടമുറിക്കല്‍ വെളിപ്പെടുത്തി.

നിലംനികത്തലിനെതിരെ വി.എസ്. ശക്തമായ നിലപാടെടുത്തിരുന്ന സമയത്താണ് ഇത്തരമൊരു നീക്കം നടന്നതെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി.

ശര്‍മയ്ക്ക് എന്നോടുള്ള ശത്രുതയ്ക്ക് വേറെയും കാരണമുണ്ട്. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തെ ജില്ലാസെക്രട്ടറിയായ ഞാന്‍ എതിര്‍ത്തു. അത എന്നോടുള്ള ശത്രുത വര്‍ദ്ധിക്കാന്‍ കാരണമായി. -അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആരോണത്തെ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവരോട് ചര്‍ച്ചചെയ്യുമെന്ന് സി.പി.ഐ.എം സംസ്ഥാനകമ്മറ്റിയംഗം എം.സി ജോസഫൈന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more