തിരുവനന്തപുരം: പാര്‍ട്ടി ഓഫീസിലെ ലൈംഗിക അപവാദക്കേസില്‍ കുടുങ്ങിയ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം.
ഇക്കാര്യത്തില്‍ സംസ്ഥാന സമിതി അന്തിമ തീരുമാനമെടുക്കും. ഗോപി കോട്ടമുറിക്കലിനെ ലൈംഗിക അപവാദക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നു ജില്ലാ സെക്രട്ടറിയുടെ ചുമതലയില്‍ നിന്നു നീക്കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച വൈക്കം വിശ്വന്‍, എ.കെ. ബാലന്‍, എം.സി. ജോസഫൈന്‍ എന്നിവരടങ്ങിയ കമ്മിഷന്‍ കോട്ടമുറിക്കല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
പിണറായി പക്ഷക്കാരനായ ഗോപി കോട്ടമുറിക്കലിനെതിരെ, ജില്ലാ സെക്രട്ടേറിയറ്റിലെ വി.എസ്. പക്ഷക്കാരനായ മുതിര്‍ന്ന അംഗമാണ് പരാതി നല്‍കിയത്. സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി ജില്ലാ സെക്രട്ടേറിയറ്റ് പരിശോധിച്ച് സംസ്ഥാന നേതൃത്വത്തിന് വിടുകയായിരുന്നു.
എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം പരാതി പരിശോധിച്ച ശേഷം പ്രശ്‌നങ്ങള്‍ ജില്ലയില്‍ത്തന്നെ ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരാതിക്ക് ജില്ലയില്‍ത്തന്നെ പരിഹാരം ഉണ്ടാകുമെന്നായിരുന്നു സംസ്ഥാന നേതൃത്വം കരുതിയത്. എന്നാല്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വി.എസ്. വിഭാഗം അതിനനുവദിച്ചിരുന്നില്ല.
ഒരുകാലത്ത് വി.എസ്. വിഭാഗത്തിന്റ കരുത്തനായ നേതാവായിരുന്ന ഗോപി കോട്ടമുറിക്കല്‍ കഴിഞ്ഞ സമ്മേളന ശേഷമാണ് പിണറായി പക്ഷത്തേക്ക് കൂടുമാറിയത്. വി.എസ്. വിഭാഗത്തിന് കനത്ത ഭൂരിപക്ഷമുള്ള എറണാകുളം ജില്ല, പാര്‍ട്ടി സെക്രട്ടറി ഗ്രൂപ്പ് വിട്ടതോടെ പിണറായി പക്ഷത്തേക്ക് മാറിയെന്ന പ്രചാരണം ശക്തമായിരുന്നു.