ന്യൂദല്‍ഹി: എ.എ.പി. സര്‍ക്കാര്‍ നിയോഗിച്ച ഡി.ഡി.സി.എ. കേസന്വേഷണത്തിന് നേതൃത്വം വഹിക്കാമെന്ന് അറിയിച്ചുകൊണ്ട് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കത്ത്. നിബന്ധനകള്‍ മുന്നോട്ട് വെച്ചാണ് ഗോപാല്‍ സുബ്രഹ്മണ്യം സമ്മതം അറിയിച്ചത്.
വ്യക്തവും സുതാര്യവുമായ അന്വേഷണം ഉറപ്പുനല്‍കുന്ന കത്തില്‍ പ്രധാന നിബന്ധനയായി മുന്നോട്ടുവച്ചിരിക്കുന്നത് ബ്രിട്ടണ്‍, കാനഡ, തുടങ്ങിയ രാജ്യങ്ങളിലേതു പോലെ നടപടിക്രമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തണം എന്നാണ്. കൂടാതെ, അന്വേഷണത്തിന് കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ അനുയോജ്യമായ സ്ഥലവും ആവശ്യപ്പെട്ടിട്ടുണ്ട്. ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പുനഃക്രമീകരണത്തിനും ക്രിക്കറ്റിന്റെ നന്മക്ക് വേണ്ടിയുമാണ് ഈ അന്വേഷണമെന്ന് സുബ്രഹ്മണ്യം കത്തില്‍ പറയുന്നു.
“ഞാനൊരു കൃത്ത്യമായ അന്വേഷണം കാഴ്ചവെക്കുമെന്ന് ആദ്യമേ ഉറപ്പുതന്നതാണ്. പക്ഷേ അനുയോജ്യമായ സ്ഥലത്തു നിന്നുകൊണ്ടു തന്നെ അന്വേഷണം നടക്കണം. അന്വേഷണം എങ്ങിനെ പുരോഗമിക്കുന്നുവെന്ന് ഈ ലോകത്തിലെ ആര്‍ക്കും മനസിലാക്കാന്‍ സാധിക്കാനാണ് വീഡിയോ ആയി സൂക്ഷിക്കാന്‍ നിബന്ധനവെക്കുന്നത്.” അദ്ദേഹം പറയുന്നു.
ഡി.ഡി.സി.എ പണമിടപാടിലെ കൃത്യവിലോപവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടര്‍ന്ന് അന്വേഷണക്കമ്മീഷനെ നിയോഗിക്കാന്‍ നേരത്തെ ദല്‍ഹി നിയമസഭയുടെ പ്രത്യേക യോഗത്തില്‍ ഉത്തരവിറക്കിയിരുന്നു. കേസില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് ജെയ്റ്റ്‌ലിയെയും കേസന്വേഷണത്തിന് വിധേയമാക്കണമെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ജെയ്റ്റ്‌ലി വര്‍ഷങ്ങളോളം ഡി.ഡി.സി.എ.യുടെ തലപ്പത്തുണ്ടായിരുന്നു. പക്ഷേ ആരോപണം തള്ളുകയായിരുന്നു.