ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് യൂണിറ്റ് വൈസ് പ്രസിഡന്റായി ഗോപാല്‍ ഇറ്റാലിയെ നിയമിച്ചു. ഗുജറാത്തിലെ അഴിമതി ആരോപിച്ച് ഇറ്റാലിയ ആഭ്യന്തര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രദീപ്‌സിങ് ജഡേജയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞിരുന്ന സംഭവം വിവാദമായിരുന്നു.
ഗുജറാത്ത് നിയമസഭയ്ക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പോവുകയായിരുന്ന ജഡേജയ്ക്ക് നേരെ ഗോപാല്‍ ഷൂസ് എറിയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന്, സര്‍വ്വീസ് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഇറ്റാലിയയെ സേവനത്തില്‍ നിന്ന് പുറത്താക്കി.
അടുത്തിടെയാണ് ഗോപാല്‍ ഇറ്റാലിയ ആംആദ്മിയില്‍ ചേര്‍ന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് ഇറ്റാലിയ.
നേരത്തെ ഹാര്‍ദിക് പട്ടേലിന്റെ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയാണ്. 2017 ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ വിളിച്ച് സംസ്ഥാനത്തെ നിരോധന നിയമത്തിന്റെ കാര്യക്ഷമതയില്ലായ്മയെ കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു.
അഴിമതിരഹിതമായ ഒരു സംവിധാനം നടപ്പിലാക്കാനാണ് താന്‍ ആം ആദ്മിയില്‍ ചേര്‍ന്നതെന്ന് ഇറ്റാലിയ പറഞ്ഞു.
” വിദ്യാസമ്പന്നരായ നേതാക്കളുടെ പാര്‍ട്ടിയായതിനാലാണ് ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. വിദ്യാസമ്പന്നരായ നേതൃത്വത്തിന് മാത്രമേ രാഷ്ട്രീയ വ്യവസ്ഥയ്ക്ക് ഒരു പുതിയ ദിശ നല്‍കാന്‍ കഴിയൂ. ദല്‍ഹിയില്‍ നടപ്പിലാക്കിയ ഭരണത്തെക്കുറിച്ചുള്ള ആം ആദ്മി പാര്‍ട്ടിയുടെ കാഴ്ചപ്പാട് ഗുജറാത്തില്‍ നടപ്പാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ സ സൗകര്യങ്ങളും ആളുകള്‍ക്ക് സൗജന്യമായി ലഭ്യമാകുന്ന ഒരു ദര്‍ശനമാണിത്. അഴിമതിരഹിത സംവിധാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും എനിക്കുണ്ട്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഞാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു, ”ഇറ്റാലിയ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ