| Sunday, 8th December 2024, 11:17 am

ഇന്നലെ പോലും തമിഴ്നാടിന് കൊടുത്തു, ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും ഉത്തരാഖണ്ഡിനും ചോദിക്കാതെ തന്നെ കൊടുത്തു; പിന്നെ കേരളത്തിന് എന്താണ് അയോഗ്യത?

എം. ഗോപകുമാര്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ഇന്ന് ബെഞ്ചില്‍ നിന്നും ഉണ്ടായ പരാമര്‍ശം പരക്കെ ആഘോഷിക്കപ്പെടുന്നുണ്ട്. ലൈവ് ലോ (Live Law) റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കുകയായിന്നു. മലയാളം ടി.വി കണ്ടു പ്രതികരിക്കുക ഏതാണ്ട് അസാധ്യമാണല്ലോ?

എന്റെ മനസ്സിലാക്കല്‍ പറയട്ടെ.

. മുണ്ടക്കൈ -ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് കേരളം സാധാരണ വാര്‍ഷിക ദുരന്ത പ്രതികരണ വിഹിതത്തിനു പുറമെ എസ്.ഡി.ആര്‍.എഫ് മാനദണ്ഡം അനുസരിച്ചുള്ള ചെലവുകള്‍ക്ക് 219.23 കോടി രൂപ ആവശ്യപ്പെട്ടു. റിക്കവറി ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ (Recovery & Reconstruction) ഇനത്തില്‍ 2221.033 കോടി രൂപയും ആവശ്യപ്പെട്ടു.

➤ പ്രത്യേകം ഓര്‍ക്കേണ്ട കാര്യം എസ്.ഡി.ആര്‍.എഫ് മാനദണ്ഡം അനുസരിച്ചുള്ള ചെലവുകള്‍ക്ക് പ്രത്യേക സഹായമായി ആവശ്യപ്പെട്ടത് 219.23 കോടി രൂപയാണ്. അതില്‍ 153.467 കോടി രൂപയുടെ ആവശ്യം യൂണിയന്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതായി ഇതേ കേസില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

എന്നാല്‍ ആ പണം എസ്.ഡി.ആര്‍.എഫില്‍ ഇപ്പോള്‍ നിവിലുള്ള പണത്തില്‍ നിന്നും ക്രമീകരിക്കണം. എന്നു പറഞ്ഞാല്‍ വയനാടിനു വേണ്ടി കയ്യിലുള്ള എസ്.ഡി.ആര്‍.എഫില്‍ നിന്നും 153.467 കോടി ചെലവിടൂ എന്നാണ് മലയാളം. കയ്യിലുള്ള പണത്തിന്റെ പരമാവധി 50% മാത്രമേ ഇതിനായി ചെലവിടാന്‍ പറ്റൂ എന്നും പറഞ്ഞതിലുണ്ട്.

കയ്യിലുള്ള 677 കോടി രൂപയുടെ 50 ശതമാനത്തില്‍ കുറഞ്ഞ തുകയാണ് യൂണിയന്‍ സര്‍ക്കാര്‍ തത്വത്തില്‍ അനുവദിച്ച 153.467 കോടി രൂപ എന്നതിനാല്‍ വയനാടിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും പ്രത്യേകമായി ഒന്നും തരില്ല എന്നു സാരം.

➤ കയ്യിലുള്ള പണം സാധാരണ ഗതിയിലുള്ള ദുരിതാശ്വാസ/ നിര്‍മാണ ചെലവുകള്‍ക്ക് കമ്മിറ്റ് ചെയ്ത പണമായിരിക്കും. ഉദാഹരണത്തിന് ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് ഫ്‌ളഡില്‍ നിന്നും പണം അനുവദിച്ചു എന്നത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പരിചിതമായ കാര്യമാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസത്തില്‍പ്പെടുത്തി എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ അനുസരിച്ച് റോഡ് പുനര്‍നിര്‍മാണത്തിന് കൊടുക്കുന്ന അനുമതിയാണിത്.

പണി കരാര്‍ കൊടുത്ത് ബില്ലു വരുമ്പോള്‍ കൊടുക്കേണ്ട പണമാണത് എന്നു സാരം. ഇതു പോലെ പല തരം Committed Expenditure ഉണ്ട്. രണ്ടാമത്തെ കാര്യം കരുതല്‍ നിധി കൂടിയാണിത് എന്നതാണ്. ഏതൊരു ദുരിതം വന്നാലും ഉപയോഗിക്കാനുള്ള പണം.

➤ അപ്പോള്‍ ഒരു ചോദ്യം വരാം. വയനാടിനും ഈ കരുതല്‍ നിധിയില്‍ നിന്നും കൊടുത്തു കൂടെ? ഇവിടെ ഉണ്ടായത് അസാധാരണ വ്യാപ്തിയുള്ള ദുരന്തമാണ്, അതിന് വാര്‍ഷിക വിഹിതത്തിന് പുറമേ പ്രത്യേക സഹായത്തിനു കേരളത്തിനു അവകാശമുണ്ട് എന്നു പറയുന്നത് തെറ്റാണോ? അങ്ങനെ പറഞ്ഞു കൊണ്ട് എസ്.ഡി.ആര്‍.എഫ് മാനദണ്ഡം അനുസരിച്ചുള്ള സഹായം കൊടുക്കാതിരിക്കുകയാണോ ചെയ്യുന്നത്. പരക്കെയുള്ള ഈ തെറ്റിദ്ധാരണ മാറണം.

മരണപ്പെട്ടയാളുടെ കുടുംബത്തിന് ആറു ലക്ഷം രൂപ വീതം കൊടുത്തല്ലോ? ഇതില്‍ നാലു ലക്ഷം വീതം ഈ കയ്യിലുള്ള എസ്.ഡി.ആര്‍.എഫ് പണത്തില്‍ നിന്നാണ് കൊടുത്തത്. ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും. ഇതു പോലെ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് (Rescue & Relief) പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം എസ്.ഡി.ആര്‍.എഫ് മാനദണ്ഡം അനുസരിച്ചുള്ള സഹായം കയ്യിലുള്ള പണത്തില്‍ നിന്നുമാണ് കൊടുക്കുന്നത്.

എന്നാല്‍ വയനാടിന്റെ വ്യാപ്തി കണക്കിലെടുത്ത് അതു പ്രത്യേകം തരണം എന്നു പറയുന്നത് സംസ്ഥാനത്തിന്റെ അവകാശമാണ്. ഇന്നലെ പോലും തമിഴ്‌നാടിന് ഏതാണ്ട് 1000 കോടി രൂപ കൊടുത്തല്ലോ? ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും ഉത്തരാഖണ്ഡിനും ചോദിക്കാതെ തന്നെ കൊടുത്തല്ലോ? പിന്നെ കേരളത്തിന് എന്താണ് അയോഗ്യത?

➤ Recovery & Reconstruction ഇനത്തിലാണ് 2221.033 കോടി രൂപ ചോദിച്ചത്. അതില്‍ 1113.25 കോടി രൂപ പുനരാധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ ചെലവാണ്. ആയിരം ചതുരശ്ര അടി വലുപ്പമുള്ള വീടും അനുബന്ധ സൗകര്യങ്ങളുമാണ് പ്ലാന്‍ ചെയ്യുന്നത്. അത് എസ്.ഡി.ആര്‍.എഫ് മാനദണ്ഡം അനുസരിച്ച് മതി എന്നാണെങ്കില്‍ തകര്‍ന്ന ഒരു വീടിന് 1.3 ലക്ഷം രൂപ വീതമേ ചെലവിടാനാകൂ. ഇതാണോ നാം കാണുന്ന Build Back Better?

➤ ദുരന്ത പ്രതികരണ അതോറിറ്റിയിലെ ഒരു ഫിനാന്‍സ് ഓഫീസറെ വിളിച്ചു വരുത്തുന്നു. എസ്.ഡി.ആര്‍.എഫില്‍ എത്ര തുക ഉണ്ടെന്നതാണ് വിളിച്ചു വരുത്തുമ്പോള്‍ ഉള്ള ചോദ്യം. അയാള്‍ അതു കൊണ്ടു വരുന്നു. അപ്പോള്‍ ചോദിക്കുന്നു ഇതില്‍ എത്ര രൂപ വയനാടിന് നീക്കി വെയ്ക്കാം? ഒരു അണ്ടര്‍ സെക്രെട്ടറി /ഡെപ്യൂട്ടി സെക്രെട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഈ ചോദ്യത്തോട് ഔദ്യോഗികമായി എങ്ങനെ പ്രതികരിക്കും? പണം പ്രത്യേകമായി വേണം എന്നതല്ലേ സര്‍ക്കാര്‍ വാദം? അതില്‍ നിയമപരമായി എന്താണ് പിശക്? ഉടന്‍ വരികയായി ശാസന, പൊട്ടിത്തെറി പിന്നെ പലതും. ഓഡിറ്റ് ചെയ്ത കണക്കെവിടെ എന്നു ചോദിച്ചത്രേ!

സംസ്ഥാന സര്‍ക്കാരിന്റെ 2023 -2024 ലെ ഓഡിറ്റ് ചെയ്ത കണക്ക് എവിടെ എന്ന് ചോദിച്ചാല്‍ കോടതിക്ക് ഇപ്പോള്‍ കിട്ടുമോ? ആരാണ് ഇതൊക്കെ ഓഡിറ്റ് ചെയ്യുന്നത്? കോടതിയും ഭരണഘടനയുടെ കീഴിലുള്ള സ്ഥാപനമാണ്. അധികാര വികേന്ദ്രീകരണം (Separation of Powser) എന്നത് ഭരണ ഘടനയുടെ അടിസ്ഥാന തത്ത്വമാണ് എന്നത് എല്ലാവരും മാനിക്കണം.

ഇക്കണക്കിന് ഏതെങ്കിലും ഒരു മേഖലയില്‍ സംസ്ഥാനം പ്രത്യേക സഹായം തേടിയാല്‍ നിങ്ങളുടെ ഖജനാവില്‍ ഇപ്പോള്‍ രൊക്ക ബാക്കി ഉള്ളതില്‍ നിന്നും എടുക്കൂ എന്നു വിധിക്കാന്‍ ഏതു നിയമ പ്രകാരമാണ് അധികാരം സിദ്ധിക്കുന്നത്?

അപകടകരമായ അതിരു ലംഘനമാണിത്.

Content Highlight: Gopakumar Mukundan writes about Wayanad relief fund and SDRF

എം. ഗോപകുമാര്‍

എഴുത്തുകാരന്‍, 2 തവണയായി സംസ്ഥാന ധനകാര്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ആയിരുന്നു.

Video Stories

We use cookies to give you the best possible experience. Learn more