പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശില്‍ എം.എല്‍.എയെ കൊന്ന കേസിലെ പ്രധാന സാക്ഷിയെ പട്ടാപകല്‍ വെടിവെച്ച് കൊന്നു. പ്രയാഗ് രാജ് സ്വദേശിയായ ഉമേഷ് പാലിനെയാണ് വാഹനങ്ങളിലെത്തിയ അക്രമി സംഘം അദ്ദേഹത്തിന്റെ വസതിക്ക് സമീപം വെടിവെച്ച് കൊന്നത്. അക്രമത്തില്‍ ഉമേശിന്റെ കൂടെയുണ്ടായിരുന്ന രണ്ട് അംഗരക്ഷകര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
2005ല്‍ ബഹുജന്‍ സമാജ് വാദി(ബി.എച്ച്.പി) പാര്‍ട്ടി എം.എല്‍.എ രാജുപാലിനെ വെടിവെച്ച് കൊന്ന കേസിലെ പ്രധാന ദൃക്‌സാക്ഷിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഉമേഷ് പാല്‍. പ്രയാഗ് രാജ് ടൗണില്‍ കാറിലെത്തിയ ഉമേഷിനെ രണ്ട് വാഹനത്തിലെത്തിയ അക്രമി സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റോഡരികില്‍ കാര്‍ നിര്‍ത്തിയ ഉമേഷും, അംഗരക്ഷകരും വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതും, ഇവരെ പിന്തുടര്‍ന്ന് വന്ന രണ്ട് പേര്‍ റോഡില്‍ ബോംബെറിയുന്നതും ദൃശ്യത്തിലുണ്ട്. പിറകെ വന്ന രണ്ട് പേര്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആദ്യം ഉമേഷിനെ വെടിവെക്കുന്നതും അയാള്‍ അടുത്തുള്ള കടയിലേക്ക് ഓടി കയറുകയും ചെയ്യുന്നുണ്ട്. തൊട്ടു പിറകെ അദ്ധേഹത്തിന്റെ അംഗരക്ഷകര്‍ക്ക് നേരെയും അക്രമി സംഘം വെടി വെക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉമേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രയാഗ്‌രാജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേണത്തിന്റെ ഭാഗമായി എട്ട് ടീമടങ്ങുന്ന പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പ്രയാഗ്‌രാജ് പൊലീസ് ചീഫ് രമിത് ശര്‍മ പറഞ്ഞു.
മുന്‍ ലോകസഭാംഗവും അധോലോകത്തലവനുമായ ആത്തിഫ് അഹമ്മദാണ് 2005ലെ രാജുപാല്‍ കൊലപാതക കേസിലെ പ്രധാന പ്രതി. ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയിപ്പോള്‍ ഗുജറാത്ത് ജയിലിലാണ്.
Content Highlight: Goons killed former MLA murder case eye witness in UP