Advertisement
Kerala
പോത്തന്‍കോട് യാത്രക്കാരായ അച്ഛനും മകള്‍ക്കും നേരെ ഗുണ്ടാ ആക്രമണം; പെണ്‍കുട്ടിയുടെ മുഖത്തടിച്ച് മുടിയില്‍ കുത്തിപ്പിടിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 23, 05:32 am
Thursday, 23rd December 2021, 11:02 am

തിരുവനന്തപുരം: പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു ഇരുവരും ആക്രമിക്കപ്പെട്ടത്.

ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ നാലംഗ ഗുണ്ടാസംഘം യാത്രക്കാരായ അച്ഛനേയും മകളെയും ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയും എതിര്‍ത്തപ്പോള്‍ മുഖത്തടിക്കുകയും മുടിയില്‍ കുത്തി പിടിച്ച് വലിച്ചിഴക്കുകയുമായിരുന്നു.

കാറ് ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് ഷാ പറഞ്ഞു. ‘എന്റെ മുഖത്തടിച്ചു. മകളെയും മര്‍ദ്ദിച്ചു. സംഭവം നടന്ന ഉടനെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു. പരാതിയും നല്‍കിയിട്ടുണ്ട്. ഇന്ന് പൊലീസ് മകളുടെ അടക്കം മൊഴിയെടുത്തു’വെന്നും അദ്ദേഹം പറഞ്ഞു.

നിരവധി കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ്, പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച് നൂറ് പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതിയുമായ ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അക്രമം നടത്തിയത്.

സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണങ്ങളുണ്ടായിരുന്നു. ബാലരാമപുരത്ത് ലഹരിക്കടിമകളായ യുവാക്കള്‍ രണ്ട് പേരെ വെട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ആക്രമണത്തില്‍ കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം