[]തിരുവനന്തപുരം: തിരുവനന്തപുരത്ത് വലിയ തുറയില്‍ ഗുണ്ടാസംഘത്തിന്റെ അഴിഞ്ഞാട്ടം. വീട്ടില്‍ അതിക്രമിച്ച കയറിയ സംഘം പിതാവിനെയും മൂന്ന് പെണ്‍കുട്ടികള്‍ക്കും നേര്‍ക്കാണ് ആക്രമണം അഴിച്ചുവിട്ടത്.
സംഘത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് അവശനിലയിലായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വീട്ടിലേയ്ക്ക് ഇരച്ചുകയറിയ ഗുണ്ടാ സംഘം വസ്തുക്കളെല്ലാം നശിപ്പിക്കുകയും തുടര്‍ന്ന് വീട്ടുകാരെ മര്‍ദ്ദിക്കുകയുമായിരുന്നു. പിതാവിനു നേരെയുള്ള മര്‍ദ്ദനം തടയുന്നതിനിടയിലാണ് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്.
പരാതിയില്‍ കേസെടുക്കാന്‍ വലിയതുറ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതി നല്‍കാനെത്തിയ പിതാവ് 48 മണിക്കൂറായി പൊലീസ് കസ്റ്റഡിയിലാണ്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണറോടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇതനുസരിച്ച് തിരുവനന്തപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു.
പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ്് ശിവകുമാര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് അഭ്യന്തരമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവം ഗൗരവമായി കാണുന്നുവെന്ന് അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.