| Thursday, 29th January 2015, 8:58 am

വിക്കിലീക്ക്‌സ് ഉദ്യോഗസ്ഥരുടെ ഇ മെയില്‍ എഫ്.ബി.ഐക്ക് ഗൂഗിള്‍ ചോര്‍ത്തി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ലണ്ടന്‍:  തങ്ങളുടെ ഉദ്യോഗസ്ഥരുടെ ഇ മെയില്‍ വിവരങ്ങള്‍ ഗൂഗിള്‍ അമേരിക്കക്ക് ചോര്‍ത്തി നല്‍കിയതായി വിക്കിലീക്ക്‌സ്. യു.എസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നല്‍കിയ രഹസ്യ വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഗൂഗിള്‍ വിക്കിലീക്ക്‌സിലെ മാധ്യമപ്രവര്‍ത്തകരായ സാറ ഹാരിസണ്‍, സെക്ഷന്‍ എഡിറ്റര്‍ ജോസഫ് ഫാറേല്‍, വിക്കിലീക്ക്‌സ് വക്താവ് ക്രിസ്റ്റിന്‍ ഹാഫിന്‍സണ്‍ എന്നിവരുടെ ഇ മെയില്‍ ചോര്‍ത്തി നല്‍കിയത്.

ജീവനക്കാരുടെ ഇ മെയില്‍, ഐ.പി അഡ്രസ്, ഡിലീറ്റ് ചെയ്യപ്പെട്ട മെയിലുകള്‍ തുടങ്ങിയവയെല്ലാം തന്നെ ചോര്‍ത്തി നല്‍കപ്പെട്ടതായാണ് വിക്കിലീക്ക്‌സ് നല്‍കുന്ന വിശദീകരണം. പലരുടെയും സ്വകാര്യവിവരങ്ങള്‍ അടങ്ങുന്ന ഇ മെയില്‍ അക്കൗണ്ടുകളാണ് ചോര്‍ത്തപ്പെട്ടിട്ടുള്ളത്.

സംഭവത്തില്‍ ഗൂഗിളിനും അമേരിക്കന്‍ ഭരണകൂടത്തിനുമെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് വിക്കിലീക്ക്‌സ്. ഇതുമായി ബന്ധപ്പെട്ട്  വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് വിക്കിലീക്ക് ഗൂഗിളിന് കത്തെഴുതിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തെയും മാധ്യമപ്രവര്‍ത്തകരുടെയും അവകാശങ്ങളെ ലംഘിക്കുന്ന നിലപാടാണ് ഗൂഗിള്‍ സ്വീകരിച്ചതെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് കൂടാതെ ചോര്‍ത്തല്‍ വിവരം കമ്പനിയെ അറിയിക്കാത്തതും നിയമലംഘനമായി കത്തില്‍ പറയുന്നുണ്ട്.

ചോര്‍ത്തല്‍ സംഭവം പുറത്ത് വന്നതോടെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നതിനായി ഗൂഗിള്‍ ഉപയോഗിക്കുന്നത് വിക്കിലീക്ക്‌സ് നിര്‍ത്തിയിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ ട്വിറ്ററും വിക്കിലീക്ക്‌സ് ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിവരം ട്വിറ്റര്‍ വിക്കിലീക്ക്‌സിനെ അറിയിച്ചിരുന്നു.

ജൂലിയാന്‍ അസാഞ്ചെ 2007ല്‍ സ്ഥാപിച്ച വിക്കിലീക്ക്‌സ് 2004-2009 കാലത്ത് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട 90,000 ലേറെ രഹസ്യരേഖകള്‍  പുറത്തുവിട്ടുകൊണ്ടാണ്  ചരിത്രം സൃഷ്ടിച്ചിരുന്നത്. സ്വീഡന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന വിക്കിലീക്ക്‌സ് ഇതിനകം നിരവധി രേഖകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

We use cookies to give you the best possible experience. Learn more