| Saturday, 2nd July 2022, 5:59 pm

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യാന്‍ ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എസില്‍ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ലൊക്കേഷന്‍ ഹിസ്റ്ററി നീക്കം ചെയ്യാനൊരുങ്ങി ഗൂഗിള്‍.

അബോര്‍ഷന്‍ ക്ലിനിക്കുകളും ഗാര്‍ഹിക പീഡന ഷെല്‍റ്റര്‍ ഹോമുകളും പോലുള്ള സ്വകാര്യത ആവശ്യമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഗൂഗിള്‍ യൂസര്‍മാരുടെ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതായാണ് ടെക് ഭീമന്‍ പ്രഖ്യാപിച്ചത്.

”ഈ പറയുന്ന സ്ഥലങ്ങളിലേതെങ്കിലും ആരെങ്കിലും സന്ദര്‍ശിക്കുന്നത് ഞങ്ങളുടെ സിസ്റ്റം അത് ഐഡന്റിഫൈ ചെയ്യുകയാണെങ്കില്‍ അവരുടെ വിസിറ്റിന് തൊട്ടുപിന്നാലെ ആ എന്‍ട്രികള്‍ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്നും ഞങ്ങള്‍ നീക്കം ചെയ്യും.

വരുന്ന ആഴ്ചകളില്‍ തന്നെ ഈ മാറ്റം നിലവില്‍ വരും,” ഗൂഗിളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് ജെന്‍ ഫിറ്റ്‌സ്പാട്രിക് തന്റെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

ഡാറ്റാ പ്രൈവസി എന്നത് ഗൂഗിള്‍ സീരിയസായി കാണുന്ന വിഷയമാണെന്നും ഫിറ്റ്‌സ്പാട്രിക് പറഞ്ഞു.

ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അഡ്ക്ഷന്‍ ട്രീറ്റമെന്റ് കേന്ദ്രങ്ങള്‍, വെയിറ്റ് ലോസ് ക്ലിനിക്കുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതും ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യപ്പെടും. ഇവയുടെയൊന്നും ലൊക്കേഷന്‍ ഡാറ്റ ഗൂഗിള്‍ സ്റ്റോര്‍ ചെയ്യുകയില്ല.

ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമല്ല, എന്ന അമേരിക്കന്‍ സുപ്രീംകോടതിയുടെ വിധി പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.

യു.എസ് സുപ്രീംകോടതി വിധി പുറത്തുവന്നതിന് പിന്നാലെ തന്നെ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ പോലുള്ളവ സന്ദര്‍ശിക്കുന്നവരുടെ ലൊക്കേഷന്‍ ഹിസ്റ്ററി വിവരങ്ങള്‍ ശേഖരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഗൂഗിളിനോടും മറ്റ് ടെക് ഭീമന്മാരോടും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സുപ്രീംകോടതി നിയമം നിലവില്‍ വന്നാല്‍ അബോര്‍ഷന്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കും വിചാരണക്കും ഈ ഡിജിറ്റല്‍ തെളിവുകള്‍ ഉപയോഗിക്കപ്പെടും എന്നതുകൊണ്ടായിരുന്നു അവ നീക്കം ചെയ്യാന്‍ പ്രതിഷേധക്കാരും രാഷ്ട്രീയക്കാരുമുള്‍പ്പെടെയുള്ളവര്‍ ആവശ്യമുന്നയിച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ ഡാറ്റയും പ്രത്യുല്‍പാദന അവകാശങ്ങളും സംബന്ധിച്ച ആശങ്കകള്‍ സുപ്രീംകോടതി വിധിക്ക് മുമ്പേ തന്നെ യു.എസില്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈക്ക് കത്തയക്കുകയും ചെയ്തിരുന്നു.

Content Highlight: Google to delete users location history of visits to abortion clinics in America

We use cookies to give you the best possible experience. Learn more