വാഷിങ്ടണ്‍: ലോകത്തെ ഞെട്ടിച്ച വാണക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ നോര്‍ത്ത് കൊറിയയാണെന്ന് സംശയം. സംഭവത്തില്‍ ഉത്തരകൊറിയയുടെ പങ്ക് തെളിയിക്കുന്ന സാങ്കേതിക തെളിവുകള്‍ പുറത്ത് വിട്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വാണക്രൈ 1.0 വൈറസുകളെ ഡീകോഡ് ചെയ്യാന്‍ അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ വിദഗ്ധര്‍ക്ക് സാധിച്ചിുവെന്നും ഈ കോഡുകളെ വിശകലനം ചെയ്തതില്‍ നിന്നും നോര്‍ത്ത് കൊറിയന്‍ ഹാക്കേഴ്‌സ് മുന്‍പ് ഉപയോഗിച്ചിട്ടുള്ള കോഡുകളാണ് ഇതെന്ന് കണ്ടെത്തിയതായാണ് വാര്‍ത്തകള്‍.
150 ലധികം ലോകരാഷ്ട്രങ്ങളിലായി രണ്ട് ലക്ഷത്തിലധികം കംപ്യൂട്ടര്‍ ശൃംഖലകളിലാണ് ഇപ്പോള്‍ ഈ റാന്‍സംവെയര്‍ കടന്നുകയറിയിരിക്കുന്നത്. ഇന്ത്യയുള്‍പ്പടെ സകല ലോക രാഷ്ട്രങ്ങള്‍ക്കും തങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരത്തിന് മുകളില്‍ യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന ബോധ്യപ്പെടുത്തലാണ് വാണക്രൈ റാന്‍സംവെയറിന്റെ ഉപജ്ഞാതാക്കള്‍ നല്‍കിയത്.
ദക്ഷിണ കൊറിയയിലെ സിമാന്റക് ലാബില്‍ നിന്നും കാര്‍സ്‌ബെര്‍കി ലാബില്‍ നിന്നും ഉത്തര കൊറിയന്‍ ഹാക്കേഴ്‌സ് മുന്‍പ് ഉപയോഗിച്ചിട്ടുള്ള കോഡുകള്‍ വാണക്രൈയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ സത്യമാണെന്നും ഉത്തര കൊറിയയുടെ ഭാഗത്തു നിന്ന് ഇത്തരമൊരു സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന് തങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും കാസ്‌പേര്‍സ്‌കി ലാബ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഹാക്കര്‍മാര്‍ വിന്‍ഡോസിന്റെ തകരാര്‍ മനസിലാക്കിയാണ് റാന്‍സംവെയര്‍ ലോകമാകെയുള്ള കംപ്യൂട്ടര്‍ ശൃംഖലകളിലേക്ക് തുറന്നുവിട്ടത്. ഇന്നോളം ലോകം അഭിമുഖീകരിച്ച സൈബര്‍ അറ്റാക്കുകളില്‍ ഏറ്റവും മാരകമായതും ഏറ്റവും അധികം രാജ്യങ്ങളിലേക്ക് ആക്രമണം നടത്തിയതും ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന വാണക്രൈ റാന്‍സംവെയറാണ്.
റഷ്യയിലും ചൈനയിലും ഇന്നലെയും രൂക്ഷമായ ആക്രമണം നടന്നിരുന്നു. ചൈനയില്‍ 29000 സ്ഥാപനങ്ങളില്‍ റാന്‍സംവെയര്‍ ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റാന്‍സംവെയര്‍ ആക്രമണത്തില്‍ ഏറ്റവും അധികം മുറിവേറ്റത് റഷ്യയ്ക്കാണെന്നാണ് പുറത്തുവരുന്ന വിവരം. പക്ഷെ ഇവിടെ നിന്നുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല.
Also Read: ലൈംഗിക പീഡനം: ജനം ടി.വി ഡിസ്ട്രിബ്യൂഷന്‍ മേധാവിയ്‌ക്കെതിരെ പൊലീസ് കേസ്
റാന്‍സംവെയര്‍ ആക്രമണം കേരളത്തിലുമുണ്ടായിരുന്നു. വയനാട്, പത്തനംതിട്ട, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലായിരുന്നു സൈബര്‍ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ബാങ്കുകളിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റവും ആന്റിവൈറസും പുതുക്കിയ ശേഷം മാത്രം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുറത്തുനിന്നുള്ള മെയിലുകളിലെ ഉള്ളടക്കം തടയുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.