കാത്തിരിപ്പിനൊടുവില്‍ ഗൂഗിളിന്റെ ടാബ്ലറ്റ് നെക്‌സസ് 7 പുറത്തിറങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ തങ്ങളുടെ ടാബ്ലറ്റ് പുറത്തിറക്കിയത്. തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസസുമായി ചേര്‍ന്നാണ് ഗൂഗിള്‍ ടാബ്ലറ്റ് പുറത്തിറക്കിയിരിക്കുന്നത്.
ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനായജെല്ലി ബീന്‍ ആണ് നെക്‌സസിലുള്ളത്. ഇനിയുമുണ്ട് നെക്‌സസിന്റെ സവിശേഷതകള്‍. നെക്‌സസ് 7 8 ജി.ബി വേര്‍ഷന്റെ വിലകേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 199 ഡോളര്‍! ഏകദേശം 10900 രൂപ. 7 ഇഞ്ചാണ് ഇതിന്റെ സ്‌ക്രീന്‍.
340 ഗ്രാമാണ് നെക്‌സസ് 7 ന്റെ ഭാരം. ക്വാഡ് കോര്‍ പ്രോസസ്സര്‍, 12 കോര്‍ ഗ്രാഫിക്‌സ് പ്രോസസ്സറിങ് യൂണിറ്റും ഇതിനുണ്ട്. ഗൂഗിളിന്റെ ഏറ്റവും പുതിയ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ നൗവും നെക്‌സസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗൂഗിള്‍ ക്രോമാണ് ഇതിലെ ഡീഫോള്‍ട്ട് ബ്രൗസര്‍.
അടുത്ത മാസം പകുതിയോടെ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നെക്‌സസ് 7 ലഭിച്ചുതുടങ്ങും. അടുത്ത ബുധനാഴ്ച്ച മുതല്‍ ആവശ്യക്കാര്‍ക്ക് ടാബ്ലറ്റ് ഓര്‍ഡര്‍ ചെയ്യാമെന്നും കമ്പനി അറിയിച്ചു.
ആപ്പിള്‍ ഐപാഡുമായി മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആമസോണിന്റെ കിന്‍ഡല്‍ ഫയറിനാകും നെക്‌സസ് 7 കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയെന്നാണ് പറയപ്പെടുന്നത്.
ആപ്പിള്‍ ഐപാഡിന് 499 ഡോളറാണ് വില. ഈ അവസരത്തിലാണ് 199 ഡോളറുമായി ഗൂഗിള്‍ ടാബ്ലറ്റ് എത്തുന്നത്.