| Thursday, 14th December 2023, 4:33 pm

ഞങ്ങളുടെ അധ്വാനം മനുഷ്യരെ കൊല്ലാനുപയോഗിക്കരുത്; ഇസ്രഈലിന് സാങ്കേതിക സഹായം നല്‍കുന്ന ഗൂഗിളിനെതിരെ ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഈസ്രഈലിന് സാങ്കേതിക സഹായം നല്‍കുന്ന ഗൂഗിളിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ഗൂഗിള്‍ ജീവനക്കാര്‍. ഗസയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഗൂഗിള്‍ ജീവനക്കാരനായ ഫലസ്തീന്‍ സഹപ്രവര്‍ത്തകയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബുധനാഴ്ച ലണ്ടനില്‍ നടത്തിയ പരിപാടിയിലാണ് ഇസ്രഈലിന് ടെക്‌നോളജി കൈമാറുന്ന ഗൂഗിളിന്റെ നിലപാടിനെതിരെ ജീവനക്കാര്‍ പ്രതിഷേധിച്ചത്.

2020ലെ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ട് അപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മെ ഉബൈദും കുടുംബവും ഗസയില്‍ ഇസ്രഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഗൂഗിള്‍ ഫണ്ട് ചെയ്യുന്ന കോഡിംഗ് ബൂട്ട് ക്യാമ്പായ ഗാസ സ്‌കൈ ഗീക്കില്‍ നിന്ന് ബിരുദം നേടിയ വ്യക്തികൂടിയാണ് ഉബൈദ്. ഒക്ടോബര്‍ 31 നാണ് ഉബൈദും കുടുംബവും കൊല്ലപ്പെടുന്നത്.

കിംഗ്‌സ് ക്രോസ് സ്റ്റേഷന് സമീപമുള്ള ഗൂഗിളിന്റെ ഓഫീസിന് പുറത്താണ് ജീവനക്കാര്‍ ഉബൈദിനെ അനുശോചിക്കുന്നതിനായി ഒത്തുചേര്‍ന്നത്. സിയാറ്റില്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലും ക്യാമ്പയിനുകള്‍ നടന്നിരുന്നു.

‘ഉബൈദിനെ അനുസ്മരിക്കാനും അടിസ്ഥാനപരമായി ജീവനക്കാര്‍ക്കിടയില്‍ അവബോധം വളര്‍ത്താനും ഗൂഗിളിന്റെയും ആമസോണിന്റെയും നേതൃത്വത്തെ തുറന്നു കാണിക്കുന്നതിനുമാണ് ഞങ്ങളില്‍ പലരും ഇന്ന് ഒത്തുചേര്‍ന്നത്. ഞങ്ങള്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. ഫലസ്തീനിലെ നിരപരാധികളും സാധാരണക്കാരുമായ ആളുകള്‍ക്കെതിരെ ഞങ്ങളുടെ ടെക്‌നോളജി ഉപയോഗിക്കാന്‍ അനുവദിക്കില്ല,’ ഗൂഗിള്‍ ലണ്ടനിലെ എക്‌സിക്യൂട്ടീവുമാരില്‍ ഒരാളായ ജോസഫ്*(പേര് സാങ്കല്‍പ്പികം) പ്രതികരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലുമായുള്ള ഗൂഗിളിന്റെ കരാറിനെതിരെ നേരത്തേയും ജീവനക്കാര്‍ പ്രതികരിച്ചിരുന്നു. ഇസ്രഈലിനും അവരുടെ സൈന്യത്തിനും ക്ലൗഡ്, കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ നല്‍കിയതിന് ഗൂഗിളിനും ആമസോണിനുമായി 1.2 ബില്യണ്‍ ഡോളറിന്റെ കരാര്‍ ലഭിച്ചതിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ കരാര്‍ പ്രകാരം ഇസ്രഈല്‍ സര്‍ക്കാറിനും മന്ത്രാലയങ്ങള്‍ക്കും കൊമേഴ്ഷ്യല്‍ സര്‍വീസുകള്‍ മാത്രമാണ് നല്‍കിയതെന്നാണ് ഗൂഗിളിന്റെ വാദം. എന്നാല്‍ കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ പ്രതിരോധ മന്ത്രാലയങ്ങള്‍ക്കുള്ള സേവനം ആമസോണും ഗൂഗിളും നല്‍കുമെന്ന് ധനമന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇസ്രഈല്‍ സൈനിക നടപടിയില്‍ തങ്ങളുടെ കമ്പനി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ കടുത്ത വിയോജിപ്പുണ്ടെന്നും ഗൂഗിളിന്റെ പുതിയ ടെക്‌നോളജി ഏതൊക്കെ തരത്തിലാണ് ഉപയോഗപ്പെടുന്നത് എന്നത് സംബന്ധിച്ച് ഇനി ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.

‘ഞങ്ങള്‍ നിര്‍മിക്കുന്ന ഒരു ടെക്‌നോളജി ഇത്തരം കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് ശരിയാണെന്ന് ഒരിക്കലും കരുതുന്നില്ല. ഈ വിഷയത്തില്‍ ഞങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് കമ്പനിക്കുള്ളില്‍ തന്നെ പറയേണ്ടതുണ്ട്. നമ്മളെ അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ കൂടി’, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി സ്‌പെഷ്യലിസ്റ്റായ അല്‍മ പറഞ്ഞു.

‘ഗൂഗിളിന്റെ ഒരു ടെക്‌നോളജി സാധാരണക്കാരനോ അല്ലാത്തവനോ ആരുമാകട്ടെ ഏതൊരു മനുഷ്യനെയും കൊല്ലാന്‍ ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല. യുദ്ധത്തില്‍ കൃത്രിമബുദ്ധി ഉപയോഗിക്കുന്നത് ശരിയല്ല,’ അല്‍മ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന് എത്രയോ മുന്‍പ് മുതല്‍ തന്നെ ജീവനക്കാരുടെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും കമ്പനികള്‍ക്കുള്ളില്‍ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ അടിച്ചമര്‍ത്തിയതായും പലരും നടപടി നേരിടേണ്ടി വന്നിട്ടുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫലസ്തീന്‍ ജനതയുടെ ദുരവസ്ഥയില്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുസ്‌ലിം അറബ്, ഫലസ്തീന്‍ ജീവനക്കാര്‍ക്കെതിരെ പ്രതികാര മനോഭാവത്തോടെയുള്ള ചില നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ചില മാനേജര്‍മാരെ ചോദ്യം ചെയ്യുകയും പിരിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫലസ്തീനെ പിന്തുണയ്ക്കുന്ന ജീവനക്കാര്‍ വലിയ സമ്മര്‍ദം നേരിടേണ്ടി വരുന്നുണ്ടെന്നും പ്രൊജക്റ്റ് നിംബസിനെതിരെ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ തന്നെ ബ്രസീലിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും ഗൂഗിളിലെ മുന്‍ ജീവനക്കാരിയായ ഏരിയല്‍ കോറന്‍ ആരോപിച്ചു.

Content Highlight: Google staff hit out at firm’s Israel ties

We use cookies to give you the best possible experience. Learn more