വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ ഇമ്മിഗ്രേഷൻ പരിഷ്കരണങ്ങൾക്ക് കയ്യടിച്ച് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചായിയും, ആപ്പിളിന്റെ ടിം കുക്കും. ബൈഡന്റെ തീരുമാനം അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ കൂട്ടുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
പുതിയ നിയമം ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള കഴിവുള്ളവരെ അമേരിക്കയിൽ തന്നെ നിലനിർത്താൻ സഹായിക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.
നീതി, ന്യായബോധം, തുടങ്ങി അമേരിക്കൻ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സമഗ്ര കുടിയേറ്റ പരിഷ്കരണം നടപ്പാക്കാനുള്ള ബൈഡന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നാണ് ടിം കുക്ക് പറഞ്ഞത്. കൊവിഡ്, പാരീസ് കാലാവസ്ഥ ഉടമ്പടി, കുടിയേറ്റ പരിഷ്കരണം എന്നിവയിൽ ബൈഡൻ കെെകൊണ്ട പെട്ടെന്നുള്ള നടപടിയെ അഭിനന്ദിച്ചാണ് സുന്ദർ പിച്ചായി മുന്നോട്ട് വന്നത്.
ബൈഡൻ അധികാരത്തിലെത്തിയതിന് പിന്നാലെ കൊണ്ടുവന്ന യു.എസ് സിറ്റിസൺഷിപ്പ് ആക്ട് ഓഫ് 2021 കുടിയേറ്റത്തിനായുള്ള മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതാണ്.
ജോ ബൈഡൻ കോൺഗ്രസിലേക്ക് അയച്ച സമഗ്രമായ ഇമ്മിഗ്രേഷൻ ബില്ലിൽ തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകൾക്ക് ഓരോ രാജ്യത്തിന്റെയും പരിധി ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഇത് വിദേശത്തു നിന്നുള്ള കൂടുതൽ തൊഴിലന്വേഷികളെ അമേരിക്കയിൽ എത്തിക്കും. ബൈഡന്റെ തീരുമാനം ആയിരക്കണക്കിന് ഇന്ത്യക്കാർക്കും ഐ.ടി പ്രൊഫണൽസിനും ഗുണകരമാകുന്നതാണ്.
യു.എസ്.സിറ്റിസൺഷിപ്പ് ആക്ട് 2021, അമേരിക്കയിലെ ഇമ്മിഗ്രേഷൻ സിസ്റ്റം ആധുനികവത്കരിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ്. കുടുംബങ്ങളെ ഒന്നിച്ച് നിർത്തുന്നതിനും, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുന്നതിനും, കുടിയേറ്റക്കാരോടുള്ള സമീപനത്തോട് മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതുമാണ് യുഎസ്.സിറ്റിസൺഷിപ്പ് ആക്ട് 2021. ഇമ്മിഗ്രേഷൻ വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരമായാണ് ഈ ആക്ടിനെ വിശേഷിപ്പിക്കുന്നത്.
അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്ക് പൗരത്വം ഉറപ്പുനൽകുന്നതിലെ വെല്ലുവിളികൾ കുറയ്ക്കുന്നു എന്നതാണ് പ്രസ്തുത ആക്ട് മുന്നോട്ട് വെക്കുന്ന ഗുണം.