| Friday, 15th April 2016, 9:42 pm

എറണാകുളമടക്കം 9 റെയില്‍വെ സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈഫൈ വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: കേന്ദ്ര റെയില്‍വെ മന്ത്രാലയം രാജ്യത്തെ ഒന്‍പത് റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി ഇനി സൗജന്യ വൈ ഫൈ സേവനം ലഭ്യമാക്കാനൊരുങ്ങുന്നു. റെയില്‍ടെല്ലുമായി സഹകരിച്ച് പ്രമുഖ സേര്‍ച്ച് എഞ്ചിനായ ഗൂഗിളാണ് വൈ ഫൈ സേവനം ലഭ്യമാക്കുന്നത്. ഇതോടെ 1.5 ദശലക്ഷം യാത്രക്കാര്‍ക്ക് വൈ ഫൈ സേവനം ലഭ്യമാകും. ഈ വര്‍ഷം ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് സൗജന്യ വൈ ഫൈ സേവനം തുടങ്ങിയത്.

പൂനെ, ഭുവനേശ്വര്‍, റാഞ്ചി, ഭോപ്പാല്‍, റായ്പൂര്‍, വിജയവാഡ, ഹൈദരാബാദിലെ കച്ചേഗുഡ, വിശാഖപട്ടണം എന്നീ സ്‌റ്റേഷനുകള്‍ പദ്ധതിയില്‍പ്പെടും. കേരളത്തില്‍ നിന്ന് എറണാകുളം ജംഗ്ഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഞായറാഴ്ച ഭുവനേശ്വര്‍ റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും. അടുത്ത ആഴ്ചയോടെ ജെയ്പൂര്‍, ഉജ്ജയിന്‍, അലഹാബാദ് എന്നീ സ്‌റ്റേഷനുകളിലും വൈ ഫൈ ലഭ്യമാകും. കണക്റ്റിവിറ്റി ലഭ്യമല്ലാത്ത ചെറിയ സ്‌റ്റേഷനുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണെന്ന് ഗൂഗിള്‍ ഇന്ത്യയുടെ മേധാവി ഗുല്‍സാര്‍ ആസാദ് പറഞ്ഞു.

We use cookies to give you the best possible experience. Learn more