പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ നെക്‌സസ് 10 @ 29,999 രൂപ
Big Buy
പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ നെക്‌സസ് 10 @ 29,999 രൂപ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2013, 1:21 pm

ന്യൂദല്‍ഹി: നെക്‌സസ് ഡിവൈസുകളുടെ കാര്യത്തില്‍ ഗൂഗിള്‍ വളരെ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു മാര്‍ക്കറ്റാണ് ഇന്ത്യ.

നെക്‌സസ് 5-ഉം രണ്ടാം തലമുറയില്‍ പെട്ട നെക്‌സസ് 7-ഉം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിട്ട് ഒരാഴ്ചയില്‍ താഴെ ആയതേയുള്ളു, നെക്‌സസ് 10-ന്റെ വില പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം അവസാനം ലോഞ്ച് ചെയ്ത പത്ത് ഇഞ്ച് നെക്‌സസ് ടാബ് ലെറ്റിന് 29,999 രൂപയാണ് വില. 16GB മെമ്മറിയുള്ള ടാബിനാണ് ഈ വില. 32GB സ്റ്റോറേജ് കപ്പാസിറ്റിയുള്ള മോഡലും ലഭ്യമാണ്. എന്നാല്‍ ആഭ്യന്തരമാര്‍ക്കറ്റിലെ ഇതിന്റെ വില ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ഗൂഗിള്‍ നെക്‌സസ് 10 ന്റെ ഡിസ്‌പ്ലേ റെസല്യൂഷന്‍ 2560*1600pയും പിക്‌സല്‍ ഡെന്‍സിറ്റി 299ppi-ഉം ആണ്.

നിലവില്‍ ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളില്‍ തന്നെ 4.4 അപ്‌ഡേറ്റ് ലഭ്യമാകും. 2GB RAM, 1.7GHz ഡ്യുവല്‍ കോര്‍ പ്രോസസറും 9000mAh ബാറ്ററിയുമാണ് ഉപയോഗിച്ചിരിക്കുന്നത്.

നെക്‌സസ് നിര്‍മ്മിച്ചിരിക്കുന്നത് സാംസങ്ങാണ്.

പിന്‍ ക്യാമറ 5MP-ഉം മുന്‍ ക്യാമറ 1.9MP-ഉം ആണ്. വൈഫൈ, ബ്ലൂടൂത്ത് 3.0, മൈക്രോ യു.എസ്.ബി 2.0, എന്‍.എഫ്.സി എന്നീ സൗകര്യങ്ങളും ലഭ്യമാണ്.

കറുപ്പ് നിറത്തില്‍ മാത്രമേ നെക്‌സസ് 10 ലഭ്യമാകൂ.

നിലവിലുള്ള മോഡലിന്റെ കൂടുതല്‍ അപ്‌ഡേറ്റ് ചെയ്ത ഒരു വേര്‍ഷനും ഉടനെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സാംസങ് ഗ്യാലക്‌സി നോട്ട് 10.1, ആപ്പിള്‍ ഐപാഡ് എയര്‍, നോക്കിയ ലൂമിയ 2520, സോണി എക്‌സ്പീരിയ ടാബ്‌ലെറ്റ് z തുടങ്ങിയവയാണ് എതിരാളികള്‍. നെക്‌സസ് 10 ഇവയേക്കാള്‍ വിലകുറഞ്ഞതുമാണ്.

നെക്‌സസ് 5 സ്മാര്‍ട്ട്‌ഫോണിന്റെയും നെക്‌സസ് 7 ടാബ്‌ലെറ്റിന്റെയും വില വെളിപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. 5-ന് 16GBയ്ക്ക് 28,999 രൂപയും 32GBയ്ക്ക് 32,999 രൂപയുമാണ് വില.

32GB, വൈഫൈ, 4G എന്നീ സൗകര്യങ്ങളുള്ള നെക്‌സസ് 7-ന് 25,999 രൂപയുമാണ് വില.