World News
ഇസ്രഈൽ സൈന്യത്തിന്റെ ആവശ്യപ്രകാരം ഗസയിൽ ഗൂഗിൾ മാപ്പിലെ ലൈവ് ട്രാഫിക് നിർത്തലാക്കി ഗൂഗിൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 24, 10:24 am
Tuesday, 24th October 2023, 3:54 pm

തെൽ അവീവ്: ഗസയിൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രഈലി സൈന്യത്തിന്റെ ആവശ്യപ്രകാരം ഗൂഗിൾ മാപ്പിലും വെയ്‌സ് ആപ്പിലും ഗസയിലെയും ഇസ്രഈലിലെയും ലൈവ് ട്രാഫിക് ഫീച്ചർ നിർത്തിവെച്ച് ഗൂഗിൾ.

ഇസ്രഈലി മാപ്പിങ് സേവനമായ വെയ്സിനെ 2013ലാണ് ഗൂഗിൾ ഏറ്റെടുത്തത്.

മുമ്പും സംഘർഷ ഘട്ടങ്ങളിൽ തങ്ങൾ സേവനം നിർത്തിവച്ചിരുന്നതായി ഗൂഗിൾ വക്താവ് പറഞ്ഞു.

‘സംഘർഷ ഘട്ടങ്ങളിൽ ഞങ്ങൾ മുമ്പ് ചെയ്തത് പോലെ പ്രദേശത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് താത്കാലികമായി ലൈവ് ട്രാഫിക് സേവനങ്ങൾ നിർത്തിവെക്കുകയാണ്. പ്രാദേശിക ജനതയുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി,’ ഗൂഗിൾ മാപ്‌സ് വക്താവ് അറിയിച്ചു.

നേരത്തെ റഷ്യ – ഉക്രൈൻ യുദ്ധം നടക്കുമ്പോഴും സമാന നടപടി ഗൂഗിൾ സ്വീകരിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഉക്രൈനിലെ തത്സമയ വാഹനങ്ങളുടെ ഡാറ്റയായിരുന്നു ഗൂഗിൾ അന്ന് നിർത്തിവെച്ചത്.

അതേസമയം, ഇസ്രഈലിലാണോ ഗസയിലാണോ അതോ രണ്ടിടത്തുമാണോ സേവനം നിർത്തിവെച്ചതെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.

ഇതോടെ ഇസ്രഈൽ സൈന്യത്തിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനമാണ് ഗസ നിവാസികൾക്ക് നഷ്ടമാകുക.

കരയുദ്ധം ആരംഭിക്കുന്നതിനായി 3 ലക്ഷം സൈനികരെ ഇസ്രഈൽ യുദ്ധമുഖത്തേക്ക് വിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസ് പിടികൂടിയ ബന്ദികളെ മോചിപ്പിക്കാനാണ് കരയുദ്ധം നടത്തുന്നതെന്നാണ് ഇസ്രഈൽ അവകാശപ്പെടുന്നത്.

Content Highlight: Google Maps and Waze temporarily disable live traffic data as per Israel’s request