| Thursday, 7th December 2017, 12:37 am

ബൈക്ക് യാത്രികര്‍ക്ക് ഇനി ഗൂഗിള്‍മാപ്പ് എളുപ്പവഴികാട്ടും

എഡിറ്റര്‍

ന്യൂദല്‍ഹി: കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍, കാര്‍, ട്രെയിന്‍ യാത്രികര്‍ക്കും വേണ്ടി മാത്രമായിരുന്നു ഗൂഗിള്‍ മാപ്പ് മുന്‍പ് വഴികാട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടൂവീലര്‍ മോഡും ഉള്‍പ്പെടുത്തി പുതിയ അപ്ഡേഷനിലേക്ക് മാറിയിരിക്കുകയാണ് ഗൂഗിള്‍മാപ്പ്്.

നിലവിലുള്ള ട്രാഫിക് തിരക്കുകള്‍ക്കനുസരിച്ച് യാത്രാ സമയം തത്സമയം ക്രമീകരിക്കപ്പെടുകയും മോട്ടോര്‍ ബൈക്കിന്റെ വേഗതയനുസരിച്ച് യാത്രക്ക് വേണ്ട ദൂരവും സമയവുമെല്ലാം പ്രത്യേകം ലഭ്യമാവുകയും ചെയ്യുന്ന രീതിയിലാണ് പുതിയ അപ്ഡേഷന്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മുതലാണ് ഗൂഗിള്‍ മാപ്പില്‍ ടൂ വീലര്‍ മോഡും ലഭ്യമായിത്തുടങ്ങിയത്. വലിയൊരു വിഭാഗം ജനങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയതാണ് പുതിയ ഫീച്ചര്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യ എന്ന പേരിലാണ് പുതിയ സജ്ജീകരണം ഗൂഗിള്‍മാപ്പ് ഒരുക്കിയിരിക്കുന്നത്.

ടൂവീലര്‍ ഡ്രൈവര്‍മാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലാന്റ്മാര്‍ക്ക് നാവിഗേഷന്‍, കൃത്യമായ വേഗത, അതിനനുസരിച്ചുള്ള ദൂരം, എന്നിവ പുതിയ ഫീച്ചര്‍ വഴി ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും. വോയ്‌സ് നാവിഗേഷനോടുകൂടിയുള്ള ടൂ വീലര്‍ മോഡ് പേരുപോലെ തന്നെ ഇന്ത്യയിലാണ് ആദ്യമായി അവതരിപ്പിക്കുന്നത്.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more