| Monday, 6th June 2022, 11:48 am

'ആ വീഡിയോ എനിക്ക് മാനസികാഘാതമുണ്ടാക്കി'; ഓസ്‌ട്രേലിയന്‍ രാഷ്ട്രീയനേതാവിന് ഗൂഗിള്‍ അഞ്ച് ലക്ഷം ഡോളര്‍ നല്‍കണമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ മാനനഷ്ടക്കേസില്‍ പരാജയപ്പെട്ട് ടെക് ഭീമന്‍ ഗൂഗിള്‍. രാജ്യത്തെ ഒരു രാഷ്ട്രീയ നേതാവ് ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് ഗൂഗിള്‍ പരാജയപ്പെട്ടത്.

ഇതോടെ രാഷ്ട്രീയ നേതാവിന് അഞ്ച് ലക്ഷം ഡോളറിലധികം പിഴ നല്‍കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി ഗൂഗിളിനോട് ഉത്തരവിട്ടു. തിങ്കളാഴ്ചയായിരുന്നു കോടതി ഉത്തരവ് പുറത്തുവന്നത്.

ഗൂഗിളിന് കീഴിലുള്ള പ്ലാറ്റ്‌ഫോമായ യുട്യൂബില്‍ ഒരു കൊമേഡിയന്‍ പോസ്റ്റ് ചെയ്ത വീഡിയോ കാരണം തനിക്ക് മാനഹാനിയുണ്ടായി എന്ന് കാണിച്ച് ജോണ്‍ ബരിലാരൊ എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി ഇയാള്‍ക്കനുകൂലമായി വിധിച്ചത്.

2020ല്‍ ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ ആയിരുന്നയാളാണ് ജോണ്‍ ബരിലാരൊ.

”ഇത് എനിക്ക് മാനസികമായി വലിയ ആഘാതമുണ്ടാക്കി,” കോടതി വിചാരണക്കിടെ ജോണ്‍ ബരിലാരൊ പറഞ്ഞു. തനിക്കെതിരായ അപ്‌ലോഡ് ചെയ്ത ആ വീഡിയോ തീര്‍ത്തും വംശീയപരമായിരുന്നെന്നും ബരിലാരൊ കോടതിക്ക് മുന്നില്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രണ്ട്‌ലിജോര്‍ഡീസ് (friendlyjordies) എന്ന പേരിലറിയപ്പെടുന്ന ഓസ്‌ട്രേലിയന്‍ കൊമേഡിയന്‍ ജോര്‍ദാന്‍ ഷാങ്ക്‌സ് യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ സീരിസിനെതിരെയായിരുന്നു ജോണ്‍ ബരിലാരൊ കോടതിയെ സമീപിച്ചത്. 2021 അവസാനത്തോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോയില്‍ താന്‍ അഴിമതിക്കാരനാണെന്ന് പറയുകയും തന്റെ പാരമ്പര്യത്തെ കളിയാക്കി സംസാരിക്കുകയും ചെയ്തതായി ജോണ്‍ ബരിലാരൊ കോടതിയില്‍ ആരോപിച്ചിരുന്നു.

കേസിന്റെ തുടക്കത്തില്‍ ഗൂഗിള്‍ കോടതിയില്‍ പ്രതിരോധിച്ച് നിന്നിരുന്നെങ്കിലും പിന്നീട് പിന്‍വലിയുകയായിരുന്നു.

അതേസമയം വീഡിയോ പോസ്റ്റ് ചെയ്തതില്‍ ഫ്രണ്ട്‌ലിജോര്‍ഡീസ് മാപ്പ് പറഞ്ഞിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്യാമെന്നും ഇയാള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനോടകം ഒരു മില്യണിലധികം പേര്‍ യൂട്യൂബില്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്.

Content Highlight: Google lose defamationa case against Australian politician, told to pay $515,000

We use cookies to give you the best possible experience. Learn more