| Saturday, 4th September 2021, 11:36 am

ഇമെയിലുകള്‍ ആക്‌സസ് ചെയ്യാന്‍ താലിബാന്‍ ശ്രമം; അഫ്ഗാന്‍ സര്‍ക്കാരിന്റെ ഇമെയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ ചില ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായി റിപ്പോര്‍ട്ട്.

മുന്‍ ഉദ്യോഗസ്ഥരുടെ ഇമെയിലുകള്‍ ആക്‌സസ് ചെയ്യാന്‍ താലിബാന്‍ ശ്രമിക്കുന്നതിനാലാണ് ഗൂഗിളിന്റെ നടപടിയെന്നാണ് വിവരം.

” വിദഗ്ധരുമായി കൂടിയാലോചിച്ച്, ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി തുടര്‍ച്ചയായി വിലയിരുത്തുകയാണ്. വിവരങ്ങള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നതിനാല്‍, പ്രസക്തമായ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ഞങ്ങള്‍ താല്‍ക്കാലിക നടപടികള്‍ സ്വീകരിക്കുന്നു,” ഗൂഗിള്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ധനകാര്യ, വ്യവസായം, ഉന്നത വിദ്യാഭ്യാസം, ഖനികള്‍ എന്നീ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ ഉള്ള രണ്ട് ഡസനോളം ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആശയവിനിമയത്തിനായി ഗൂഗിള്‍ ഉപയോഗിച്ചിരുന്നു. പ്രാദേശിക ഭരണകൂടങ്ങളും പ്രസിഡന്‍ഷ്യല്‍ പ്രോട്ടോക്കോളിന്റെ ഓഫീസും ഗൂഗിള്‍ ഉപയോഗിച്ചിരുന്നു.

20 വര്‍ഷത്തിന് ശേഷം അമേരിക്ക സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് താലിബാന്‍ രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു.

താലിബാന്‍ രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

താലിബാന്‍ അധികാരസ്ഥാനങ്ങളെല്ലാം കയ്യടിക്കയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയും മന്ത്രിസഭയിലെ മറ്റു അംഗങ്ങളുമെല്ലാം രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു.

ഇസ്ലാമിക് നിയമസംഹിതയായ ശരീഅത്തിന്റെ തങ്ങളുടേതായ വ്യാഖ്യാനം കര്‍ശനമായി താലിബാന്‍ നടപ്പില്‍ വരുത്തുമെന്ന പേടിയിലാണ് അഫ്ഗാനിലെ ജനത. കൂട്ടപ്പലായനമാണ് അഫ്ഗാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും പുറത്തുകടക്കാനായി ആയിരക്കണക്കിന് ജനങ്ങള്‍ കാബൂളിലെ വിമാനത്താവളങ്ങളിലേക്ക് ഇപ്പോഴുമെത്തുന്നുണ്ട്.

താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത അടിച്ചമര്‍ത്തിലിന് വിധേയമാക്കപ്പെടുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ അധികാരത്തിലെത്തിയിരുന്ന സമയത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിക്ക് പോകലും താലിബാന്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Google locks down Afghan govt email accounts as Taliban look for access: Report

We use cookies to give you the best possible experience. Learn more