ന്യൂദല്‍ഹി: ദല്‍ഹിയില്‍ പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനത്തില്‍ ഗൂഗിളും പങ്കാളിയായി. ഗൂഗിള്‍ ഹോം പേജില്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സിന് താഴെയായി മെഴുകുതിരി തെളിയിച്ചാണ് ഗൂഗിള്‍ പെണ്‍കുട്ടിക്ക് അന്ത്യോപചാരം അര്‍പ്പിച്ചിരിക്കുന്നത്.[]
മെഴുകുതിരിയില്‍ കഴ്‌സര്‍ വെച്ചാല്‍ പെണ്‍കുട്ടിക്ക് അന്തിമോപചാരമര്‍പ്പിച്ച് കൊണ്ടുള്ള കുറിപ്പും കാണാം.
ചരിത്രസംഭവങ്ങളും കാലികമായ പ്രധാനവിഷയങ്ങളും ഹോം പേജില്‍ ഗൂഗിള്‍ ഡൂഡിള്‍ വഴി ഉള്‍പ്പെടുത്തുന്ന പതിവ് ഗൂഗിളിനുണ്ട്. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ നേരെ വിഷയുവുമായി ബന്ധപ്പെട്ട പേജിലേക്ക് പോകാറാണ് പതിവ്.
എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഏറെ ലളിതമായാണ് ദല്‍ഹിയിലെ പെണ്‍കുട്ടിക്ക് ഗൂഗിള്‍ അന്തിമോപചാരമര്‍പ്പിച്ചിരിക്കുന്നത്. സാധാരണയായി ഗൂഗിളിന്റെ ലോഗോയ്ക്ക് മുകളിലായാണ് ഗൂഗിള്‍ കാണാറുള്ളതെങ്കില്‍ ഇന്ന് ഏറ്റവും അടിയിലായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നേരത്തേ, അമേരിക്കയില്‍ സ്‌കൂള്‍ കുട്ടികള്‍ വെടിയേറ്റ് മരിച്ചപ്പോഴും ഗൂഗിള്‍ സമാനരീതിയില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തോടൊപ്പം തങ്ങളും ദു:ഖത്തില്‍ പങ്കുചേരുന്നു എന്ന സന്ദേശമായിരുന്നു അന്ന് ഗൂഗിള്‍ ഡൂഡിളില്‍ വന്നിരുന്നത്.