| Friday, 18th May 2018, 2:02 pm

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ നിരീക്ഷിക്കുന്നുവെന്ന് ആരോപണം; ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കാളെ ഗൂഗിള്‍ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന് ആരോപണം. ഗൂഗിളിന്റെ പ്രാധാന എതിരാളികളില്‍ ഒന്നായ ഒറാക്കിളിന്റെ ആരോപണത്തെ തുടര്‍ന്ന്, ആസ്‌ട്രേലിയന്‍ കോമ്പിറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷനാണ് (ACCC) കേസ് അന്വേഷിക്കുന്നത്.

ലോക്കേഷന്‍ സര്‍വീസ് ഓഫ് ചെയ്ത് വെച്ചാലും, സിം കാര്‍ഡ് ഊരിവെച്ചാലും ഗൂഗില്‍ ഉപയോക്താവിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നു എന്നതാണ് ഒറാക്കിളിന്റെ ആരോപണം. ഐ.പി അഡ്രസ്സ്, വൈഫൈ കണ്‍കഷന്‍സ് എന്നിവ ഉപയോഗിച്ചാണത്രെ ഗൂഗില്‍ ലൊക്കേഷന്‍ മനസ്സിലാക്കുന്നത്. ബാരോമെട്രിക്ക് സംവിധാനം ഉള്ള ഫോണുകളില്‍ കെട്ടിടത്തിന്റെ ഏത് നിലയിലാണ് ഉപയോക്താവ് എന്ന് വരെ മനസ്സിലാക്കാന്‍ ഗൂഗിളിന് സാധിക്കുന്നുണ്ടത്രെ.

ഇതുകൂടാതെ വ്യക്തികള്‍ ഗൂഗിളില്‍ തിരയുന്ന കാര്യങ്ങള്‍, ഇന്റര്‍നെറ്റ് ഉപയോഗരീതി എന്നിവയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങളും നിരീക്ഷണങ്ങളും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഗൂഗിള്‍ നടത്തുന്നുണ്ടത്രെ. ഒരു ഉപയോക്താവില്‍ നിന്നും 1 ജിബിയോളം വരുന്ന ഡാറ്റ ആന്‍ഡ്രോയിഡ് ഓപറേറ്റിങ്ങ് സിസ്റ്റം ഗൂഗിളിന് കൈമാറുന്നുണ്ടെന്നാണ് ഒറാക്കിള്‍ പറയുന്നത്.


Dont Miss ഇനി അവര്‍ പണവും കായികശേഷിയും ഉപയോഗിക്കും: ബി.ജെ.പിക്കെതിരെ രാഹുല്‍ ഗാന്ധി


ഈ ഡാറ്റ അയക്കുന്നതിനുള്ള സാമ്പത്തിക ചിലവ് ഉപയോക്താവ് സ്വന്തം കീശയില്‍ നിന്ന് നല്‍കണം. ഗൂഗിളിന്റെ ഡാറ്റ ശേഖരണത്തിനായി കോടിക്കണക്കിന് രൂപയാണ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനികളുടെ അക്കൗണ്ടില്‍ എത്തുന്നതാണ് ആരോപണം.

കഴിഞ്ഞ നവംബറില്‍ തന്നെ പ്രൈവസി സംബധിച്ച ആരോപണം ഗൂഗിളിനെതിരെ വന്നിരുന്നുവെങ്കിലും, ആരോപണത്തിന്റെ സ്രോതസ്സ് വ്യക്തമായിരുന്നില്ല. ഒറാക്കിള്‍ ആണ് പിന്നിലെന്ന് സുരക്ഷ വിദഗ്ദന്‍ അഷ്‌കന്‍ സോല്‍ട്ടാനി ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നെങ്കിലും തെളിവുകള്‍ ഉണ്ടായിരുന്നില്ല. ഇന്നിതാ പരസ്യമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒറാക്കിള്‍
എന്നാല്‍ ഒറാക്കിളിന്റെ ആരോപണം നിഷേധിച്ച് ഗൂഗിള്‍ രംഗത്തെത്തി. ഉപയോക്താവില്‍ നിന്ന് സെര്‍വറിലേക്ക് വരുന്ന ലൊക്കേഷന്‍ ഡാറ്റ രഹസ്യസ്വഭാവം ഉള്ളതാണെന്നും, അതില്‍ നിന്ന് വ്യക്തി വിവരങ്ങള്‍ വേര്‍തിരിക്കുക സാധ്യമല്ല എന്നുമാണ് ഗൂഗിള്‍ നിരത്തുന്ന മറുവാദം.

ഉപയോക്താക്കളുടെ സ്വകാര്യത എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്നും ഗൂഗില്‍ പ്രതിനിധികള്‍ പറയുന്നു. മാത്രമല്ല ഉപയോക്താവിന്റെ സമ്മതം ലഭിച്ച ശേഷം മാത്രമേ ഈ സേവനങ്ങള്‍ ആരംഭിക്കാറുള്ളുവത്രെ. എന്നിരുന്നാലും ആസ്‌ട്രേലിയന്‍ കണ്‍സ്യൂമര്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗൂഗിള്‍ ഫേസ്ബുക്ക് പോലെയുള്ള കമ്പനികള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരസ്യ കമ്പനികള്‍ക്ക് നല്‍കി ലാഭം കൊയ്യുകയാണെന്ന് ആസ്‌ട്രേലിയന്‍ പ്രൈവസി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡേവിഡ് വെയില്‍ മാധ്യമങ്ങളോട് പറഞ്ഞു, തങ്ങള്‍ പ്രസ്തുത വിഷയത്തില്‍ ഗൂഗിളിനെ ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതാദ്യമല്ല ഗൂഗിളും ഒറാക്കിളും തമ്മില്‍ ഏറ്റുമുട്ടുന്നത്. 2012 മുതല്‍ നിയമപോരാട്ടത്തിലാണ് ഗൂഗിളും ഒറാക്കിളും. ഒറാക്കിളിന്റെ പ്രോഗ്രാമിങ്ങ് ഭാഷയായ ജാവ ആന്‍ഡ്രോയിഡില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പകര്‍പ്പവകാശ തര്‍ക്കമായിരുന്നു നിയമപോരാട്ടത്തിന് കാരണം. ഇതിനെ തുടര്‍ന്ന് 2016 ഇല്‍ ആന്‍ഡ്രോയിഡ് നുഗ്ഗറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ നിന്ന് ജാവ ഗൂഗിള്‍ ഒഴിവാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more