| Thursday, 23rd October 2014, 10:30 am

'ഇന്‍ബോക്‌സ്': പുതിയ ഇമെയില്‍ സര്‍വീസുമായി ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ജോസ്: ജിമെയിലില്‍ എവിടെയെങ്കിലും കുഴിച്ചുമൂടപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ എളുപ്പം കണ്ടെത്താന്‍ സഹായിക്കുന്ന ഇമെയില്‍ സേവനവുമായി ഗൂഗിള്‍ വരുന്നു. “ഇന്‍ബോക്‌സ്” എന്നാണ് ഈ സേവനത്തിന് പേരിട്ടിരിക്കുന്നത്. ഒരു കൂട്ടം മെയിലുകളില്‍ നിന്ന് ബാങ്ക് പ്രസ്താവനകളും ഇലക്ട്രോണിക്‌സ് റസീപ്റ്റുകളും മറ്റും തിരഞ്ഞെടുക്കാന്‍ ഇന്‍ബോക്‌സ് ഉപഭോക്താവിനെ സഹായിക്കും.

നിലവില്‍ പ്രമോഷണല്‍ ഇമെയിലുകളെ മറ്റുള്ള കമ്മ്യൂണിക്കേഷനുകളില്‍ നിന്ന് വേര്‍തിരിക്കാന്‍ ജിമെയിലില്‍ സംവിധാനമുണ്ട്. അതേ രീതി തന്നെയാണ് ഇന്‍ബോക്‌സിലും ഉപയോഗിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട ഇമെയിലുകള്‍ കണ്ടെത്തുന്നതിന് പുറമേ ഒരു ഇമെയിലിന്റെ പ്രധാന ഭാഗങ്ങള്‍ തിരഞ്ഞെടുക്കാനും ഇന്‍ബോക്‌സിന് സാധിക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. ഉദാഹരണമായി യാത്രാവിവരങ്ങള്‍, പരിപാടി നടക്കുന്ന സമയം, ഫോട്ടോകള്‍ തുടങ്ങിയവ. ചില ഘട്ടങ്ങളില്‍ ഈ ആപ്പ് ഉപഭോക്താവിന് ഗുണകരമായ വിവരങ്ങള്‍ പുതുക്കി നല്‍കും. ഉദാഹരണമായി വെബില്‍ നിന്നും പുതുക്കിയ ഫ്‌ളൈറ്റ് ടൈം. കൂടാതെ ടു-ഡു ലിസ്റ്റ് തയ്യാറാക്കാനും ഇന്‍ബോക്‌സ് സഹായിക്കും.

തുടക്കത്തില്‍ ജിമെയിലില്‍ ഉണ്ടായിരുന്നത് പോലെ ഇന്‍വിറ്റേഷന്‍സിലൂടെയാണ് ഇന്‍ബോക്‌സിലെത്താനാവുക. ഇന്‍ബോക്‌സ് ടെസ്റ്റ് ചെയ്യാനുള്ള ഇന്‍വിറ്റേഷനുകള്‍ ബുധനാഴ്ച മുതല്‍ അയച്ചു തുടങ്ങുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഈ ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്ക് അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇന്‍വിറ്റേഷന്‍ അയക്കാം.

ഉള്ളടക്കത്തിനൊപ്പം ഡിജിറ്റല്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗൂഗിള്‍ ജിമെയിലൂടെ പണമുണ്ടാക്കുന്നത്. ഇമെയില്‍ ഏത് വിഷയവുമായി ബന്ധപ്പെട്ടതാണെന്ന് മനസിലാക്കുന്നതിനായി അത് സ്‌കാന്‍ ചെയ്യാറുമുണ്ട്. ഇന്‍ബോക്‌സിലും ഈ ഓട്ടോമാറ്റിക് സ്‌കാനിങ് ടെക്‌നോളജി ഉണ്ടായിരിക്കും.
//www.youtube.com/v/bzNTjpUMOp4?version=3&hl=en_US&rel=0&controls=0&showinfo=0

We use cookies to give you the best possible experience. Learn more