| Tuesday, 12th March 2024, 9:43 pm

തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കാന്‍ ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ തെറ്റായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത് തടയാനായി തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോര്‍ത്ത് ഗൂഗിള്‍.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ആധികാരികത മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കമ്മീഷനുമായി സന്ധിചേരുന്നതെന്ന് ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.

തെരെഞ്ഞെടുപ്പ് പോര്‍ട്ടലില്‍ എങ്ങനെ പേര് രജിസ്റ്റര്‍ ചെയ്യണം, വോട്ട് എങ്ങനെ ചെയ്യണം എന്നിങ്ങനെയുള്ള നിര്‍ണായക വിവരങ്ങള്‍ സെര്‍ച്ച് എന്‍ജിനില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാക്കാനുള്ള ശ്രമങ്ങളും തങ്ങള്‍ നടത്തുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സ്ഥാപനത്തിന്റെ എ.ഐയായ ജെമിനി ഉത്തരം നല്‍കുന്ന രീതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും പോസ്റ്റില്‍ ഗൂഗിള്‍ പറയുന്നു.

എ.ഐ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഉള്ളടക്കം പ്രേക്ഷകര്‍ക്ക് തിരിച്ചറിയുന്നതിനായി വേണ്ട നടപടികളും സ്ഥാപനം സ്വീകരിക്കുമെന്ന് ഗൂഗിള്‍ പറഞ്ഞു.

ഡീപ്ഫേക്കുകള്‍ അല്ലെങ്കില്‍ ഡോക്ടറേറ്റഡ് ഉള്ളടക്കം പോലുള്ള വിഷയങ്ങള്‍ സ്ഥാപനത്തിന്റെ പരസ്യ നയപ്രകാരം സൈറ്റുകളില്‍ നിരോധിച്ചുവെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു. കൃത്രിമമായ ഉള്ളടക്കം, അക്രമത്തിനുള്ള പ്രേരണ, വിദ്വേഷ പ്രസംഗം തുടങ്ങിയവ നിയന്ത്രിക്കാനും ഗൂഗിള്‍ ശ്രമങ്ങള്‍ തുടങ്ങിയതായി അറിയിച്ചു.

ജനാധിപത്യ ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വെല്ലുവിളിയാവുന്ന തരത്തിലുള്ള തെറ്റായ അവകാശവാദങ്ങള്‍ക്ക് എതിരെ നയങ്ങള്‍ രൂപപ്പെടുത്തിയതായും ഗൂഗിള്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫാസിസ്റ്റുകളുടെ ചില സ്വഭാവ സവിശേഷതകള്‍ നരേന്ദ്ര മോദിക്കുണ്ടെന്നും അത്തരം ആശയങ്ങള്‍ക്ക് സമാനമായ നയങ്ങള്‍ ഇന്ത്യയില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അവയുടെ അടിസ്ഥാനത്തില്‍ മോദിയെ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്നും ഗൂഗിള്‍ എ.ഐ പറഞ്ഞിരുന്നു.

അതിനെതിരെ ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 500 (അപകീര്‍ത്തിപ്പെടുത്തല്‍), 505 (പൊതുസമൂഹത്തിന്റെ വിനാശത്തിന് കാരണമാകുന്ന പ്രസ്താവനകള്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഗൂഗിളിനെതിരെ കേസ് എടുക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.

Content Highlight: Google has joined hands with the Election Commission to stop the spread of false reports in the general elections

We use cookies to give you the best possible experience. Learn more