| Sunday, 10th March 2024, 2:54 pm

'വംശഹത്യക്കായി ടെക്നോളജി ഉപയോഗിക്കില്ല'; പ്രതിഷേധത്തിന് പിന്നാലെ എഞ്ചിനീയറെ പിരിച്ചുവിട്ട് ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഇസ്രഈലുമായുള്ള കരാറിനെതിരെ പ്രതിഷേധിച്ച ക്ലൗഡ് സോഫ്റ്റ്വെയര്‍ എഞ്ചിനീയറെ പിരിച്ചുവിട്ട് ഗൂഗിള്‍. മാര്‍ച്ച് നാലിന് ന്യൂയോര്‍ക്കില്‍ നടന്ന മൈന്‍ഡ് ദി ടെക് കോണ്‍ഫറന്‍സിനിടെയാണ് എന്‍ജിനീയര്‍ ഇസ്രഈലിനെതിരെ രംഗത്തെത്തിയത്.

ഗൂഗിള്‍ സ്പോണ്‍സര്‍ ചെയ്ത പരിപാടിയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടെന്ന് കമ്പനി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഇവിടെ പരിഗണിക്കുന്നത് പ്രശ്‌നമല്ല, ഉദ്യോഗസ്ഥന്റെ പെരുമാറ്റം ശരിയല്ല, ഞങ്ങളുടെ നയങ്ങള്‍ ലംഘിച്ചതിന് എഞ്ചിനീയറെ പിരിച്ചുവിട്ടു,’ കമ്പനി വക്താവ് മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.

അതേസമയം താന്‍ ചെയ്ത തെറ്റെന്താണെന്ന് കമ്പനി വ്യക്തമാക്കണമെന്ന് ഉദ്യോഗസ്ഥന്‍ ഗൂഗിളിനോട് ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കമ്പനി ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതിനെതിരെ ‘നോ ടെക് ഫോര്‍ അപാര്‍ത്തീഡ്’ എന്ന ഗ്രൂപ്പ് ഗൂഗിളിനെതിരെ പ്രസ്താവനയിറക്കി. ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തെ കുറിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെ ഗൂഗിള്‍ അടിച്ചമര്‍ത്തുകയാണെന്ന് നോ ടെക് ഫോര്‍ അപാര്‍ത്തീഡ് അഭിപ്രായപ്പെട്ടു.

എന്നാല്‍ പിരിച്ചുവിട്ടതില്‍ മുന്‍ ഉദ്യോഗസ്ഥന്‍ സംതൃപ്തനാണെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. വംശഹത്യയില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതിന് കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടതില്‍ അഭിമാനിക്കുന്നുവെന്ന് എഞ്ചിനീയര്‍ പറഞ്ഞതായി ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.

കമ്പനി സ്പോണ്‍സര്‍ ചെയ്ത പരിപാടിയില്‍ ഇസ്രഈലിലെ ഗൂഗിള്‍ തലവന്‍ ബറാക് റെഗെവ് സംസാരിക്കുന്നതിനിടെയാണ് എഞ്ചിനീയര്‍ പ്രതിഷേധം നടത്തിയത്.

‘വംശഹത്യക്കും വര്‍ണവിവേചനത്തിനും കരുത്തുപകരുന്ന ടെക്‌നോളജി നിര്‍മിക്കുവാന്‍ ഞാന്‍ വിസമ്മതിക്കുന്നു. പ്രൊജക്റ്റ് നിംബസ് ഫലസ്തീനി സമൂഹത്തിന്റെ ജീവന്‍ അപകടത്തിലാക്കും,’ എഞ്ചിനീയര്‍ പറഞ്ഞു. ഇയാള്‍ക്കുപുറമെ മറ്റു പ്രതിഷേധക്കാര്‍ ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യം വിളിച്ചതോടെ റെഗെവിന് പ്രസംഗം നിര്‍ത്തി മടങ്ങേണ്ടി വന്നു.

ഏപ്രില്‍ 2021ലാണ് ഗൂഗിളിന്റെയും ആമസോണിന്റെയും പങ്കാളിത്തത്തോടെ 1.2 ബില്യണ്‍ ഡോളറിന്റെ പ്രൊജക്റ്റ് നിംബസ് ഇസ്രഈലി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് സമ്പൂര്‍ണ ക്ലൗഡ് സൊലൂഷന്‍ ഉറപ്പാക്കുന്നതായിരുന്നു ഈ പദ്ധതി.

Content Highlight: Google has fired a cloud software engineer who protested against the agreement with Israel

Latest Stories

We use cookies to give you the best possible experience. Learn more