ന്യൂയോര്‍ക്ക്: മുന്‍ തൊഴിലാളികളും ഉദ്യോഗസ്ഥരും ഫേസ്ബുക്കിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെച്ച് ഗൂഗിള്‍ മുന്‍ സി.ഇ.ഒ എറിക് സ്മിഡ്റ്റ്. ഇപ്പോള്‍ മെറ്റ പ്ലാറ്റ്‌ഫോം എന്ന പേരിലറിയപ്പെടുന്ന ഫേസ്ബുക്കിന്റെ മാതൃ കമ്പനിക്കെതിരായി ഉയരുന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും എറിക് പറഞ്ഞു.
ബ്ലൂംബെര്‍ഗ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”നീതിപൂര്‍വമായ വശം വേണ്ടവിധം നോക്കാതെ വരുമാനത്തിലും സാമ്പത്തിക നേട്ടത്തിലും ഫേസ്ബുക്ക് കൂടുതലായി ശ്രദ്ധിച്ചു. കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പുറത്തുവിട്ട് കൊണ്ടിരിക്കുന്ന രേഖകളില്‍ നിന്ന് തന്നെ അത് വ്യക്തമാണ്,” ഗൂഗിള്‍ മുന്‍ സി.ഇ.ഒ പറഞ്ഞു.
”വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ആളുകള്‍ ഫേസ്ബുക്കിനെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കമ്പനി അത് മുഖവിലയ്‌ക്കെടുത്തില്ല. ഇപ്പോള്‍ സമാനമായതും അതിലും ഗുരുതരമായതുമായ ആരോപണങ്ങള്‍ വരുന്നുണ്ട്.
കമ്പനി എന്താണ് ചെയ്യുന്നതെന്ന് അതിന്റെ മേധാവികള്‍ക്ക് കൃത്യമായി അറിയാമെന്നും മനപൂര്‍വമാണ് ഈ നിയമലംഘനങ്ങള്‍ ഫേസ്ബുക്ക് നടത്തുന്നതെന്നുമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്,” എറിക് സ്മിഡ്റ്റ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ടെക് കമ്പനികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനേയും അദ്ദേഹം അഭിമുഖത്തില്‍ എതിര്‍ത്തു. ഫേസ്ബുക്ക് അടക്കമുള്ള ടെക് ഭീമന്മാര്‍ കുറച്ച് കൂടെ സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുട്ടികളുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടെന്നും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായി പ്രവര്‍ത്തിച്ച് വിദ്വേഷ പ്രസംഗങ്ങളും വ്യാജപ്രചരണങ്ങളും തടയുന്നതില്‍ നിസംഗത കാണിച്ചുവെന്നും ഫേസ്ബുക്കിന്റെ മുന്‍ പ്രൊഡക്ട് മാനേജര്‍ ഫ്രാന്‍സെസ് ഹൊഗെയ്ന്‍ പറഞ്ഞിരുന്നു. അമേരിക്കയുടെ നിയനിര്‍മാണ സഭ, യു.എസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ എന്നിവയ്ക്ക് മുന്നില്‍ തെളിവുകള്‍ സമര്‍പ്പിച്ച പൊഗെയ്ന്‍ അടിയന്തര നടപടി ആവശ്യപ്പെട്ടിരുന്നു.