'വംശഹത്യക്ക് കരുത്തുപകരുന്നു'; സ്വന്തം കമ്പനിക്കെതിരെ ഗൂഗിൾ എഞ്ചിനീയറുടെ പ്രതിഷേധം
World News
'വംശഹത്യക്ക് കരുത്തുപകരുന്നു'; സ്വന്തം കമ്പനിക്കെതിരെ ഗൂഗിൾ എഞ്ചിനീയറുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2024, 8:44 am

ന്യൂയോർക്ക്: ന്യൂയോർക്ക് ടെക് കോൺഫറൻസിനിടയിൽ ഗൂഗിളിന്റെ ഇസ്രഈൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ വംശഹത്യക്ക് കരുത്തുപകരുന്നുവെന്ന ആരോപണവുമായി ഗൂഗിൾ എഞ്ചിനീയർ.

ന്യൂയോർക്ക് സിറ്റിയിൽ മൈൻഡ് ദി ടെക് എന്ന കോൺഫറൻസിൽ ഗൂഗിൾ ഇസ്രഈലിന്റെ മാനേജിങ് ഡയറക്ടർ ബറാക് റെഗെവ് സംസാരിച്ചുകൊണ്ടിരിക്കെ ഓറഞ്ച് നിറത്തിലുള്ള ഗൂഗിൾ ടി ഷർട്ട്‌ ധരിച്ചെത്തിയ യുവാവ് തടസം സൃഷ്ടിക്കുകയായിരുന്നു.

ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷനിൽ എഞ്ചിനീയറാണ് ഇയാൾ.

‘വംശഹത്യക്കും വർണവിവേചനത്തിനും കരുത്തുപകരുന്ന ടെക്നോളജി നിർമിക്കുവാൻ ഞാൻ വിസമ്മതിക്കുന്നു. പ്രൊജക്റ്റ്‌ നിംബസ് ഫലസ്തീനി സമൂഹത്തിന്റെ ജീവൻ അപകടത്തിലാക്കും,’ എഞ്ചിനീയർ പറഞ്ഞു.
ഇയാളെ സുരക്ഷാ ജീവനക്കാർ വേദിയിൽ നിന്ന് പിടിച്ചുമാറ്റി.
അതേസമയം വേറെയും പ്രതിഷേധക്കാർ ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യം വിളിച്ചതോടെ റെഗെവിന് പ്രസംഗം നിർത്തി മടങ്ങേണ്ടി വന്നു.

ഏപ്രിൽ 2021ലാണ് ഗൂഗിളിന്റെയും ആമസോണിന്റെയും പങ്കാളിത്തത്തോടെ 1.2 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റ്‌ നിംബസ് ഇസ്രഈലി സർക്കാർ പ്രഖ്യാപിച്ചത്. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ സർക്കാർ ഏജൻസികൾക്ക് സമ്പൂർണ ക്ലൗഡ് സൊലൂഷൻ ഉറപ്പാക്കുന്നതായിരുന്നു ഈ പദ്ധതി.

പ്രൊജക്റ്റ്‌ നിംബസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗൂഗിളിലെയും ആമസോണിലെയും ഒരുകൂട്ടം ജീവനക്കാർ പങ്കാളിത്തത്തെ അപലപിച്ചുകൊണ്ട് ബ്രിട്ടീഷ് പത്രമായ ഗാർഡിയനിൽ പ്രസ്താവന നൽകിയിരുന്നു.

ഇസ്രഈലി സർക്കാരിനും സൈന്യത്തിനും ഫലസ്തീനികളെ ഉപദ്രവിക്കുന്നതിനായി സാങ്കേതികവിദ്യ കൈമാറുന്ന തങ്ങളുടെ സ്ഥാപന ഉടമയുടെ തീരുമാനത്തെ പിന്തുണക്കാൻ സാധിക്കില്ലെന്ന് ജീവനക്കാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

CONTENT HIGHLIGHT: Google engineer rips company exec over Israel ties, accuses him of ‘powering genocide