ബെംഗളൂരു: ഗൂഗിളിന്റെ ബെംഗളൂരു ഓഫീസിലെ ജീവനക്കാരന് കോവിഡ് 19. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പ് ജീവനക്കാരന്‍ ബെംഗളൂരു ഓഫീസിലുണ്ടായിരുന്നുവെന്നും ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
‘ഞങ്ങളുടെ ബാംഗ്ലൂര്‍ ഓഫീസിലെ ഒരു ജീവനക്കാരന് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. രോഗ ലക്ഷണങ്ങള്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ ബെംഗളൂരു ഓഫീസില്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹവുമായി അടുത്തു ഇടപഴകിയ എല്ലാവരോടും ക്വാറന്റൈന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരോടും ആരോഗ്യം നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടതായും’ ഗൂഗിള്‍ ഇന്ത്യ അറിയിച്ചു.
വളരെയധികം ജാഗ്രത പുലര്‍ത്തണമെന്നും ജീവക്കാര്‍ വീടുകളില്‍ നിന്ന് ജോലിയെടുക്കാന്‍ ആവശ്യപ്പെട്ടതായും ഗൂഗിള്‍ ഇന്ത്യ പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതിനാലാണ് ഇത്തരം നടപടിയെന്നും ആരോഗ്യരംഗത്തുനിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം ആവശ്യമായ എല്ലാ മുന്‍കരുതലും നടപടികളും തങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ 74 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാല് കേസുകള്‍ കര്‍ണാടകയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ റിപ്പോര്‍ട്ട് ചെയ്ത 74 കേസുകളില്‍ 16 ഇറ്റാലിയന്‍ വിനോദസഞ്ചാരികളും ഒരു കനേഡിയനും ഉള്‍പ്പെടുന്നുണ്ട്.
ഉത്തര്‍പ്രദേശ് 10, മഹാരാഷ്ട്ര 11, ലഡാക്ക് മൂന്ന്, രാജസ്ഥാന്‍, തെലങ്കാന, തമിഴ്നാട്, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോ കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഡിസ്ചാര്‍ജ് ചെയ്ത മൂന്ന് രോഗികളടക്കം 17 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി അറേബ്യയില്‍ നിന്ന് കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മടങ്ങിയെത്തിയ 76 കാരന്റെ മരണത്തോടെയാണ് ഇന്ത്യയില്‍ ആദ്യത്തെ കൊറോണ വൈറസ് മരണം സ്ഥിരീകരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ