ഡുവോയില്‍ ഓഡിയോ കോള്‍ ഫീച്ചര്‍ ഉടന്‍
Big Buy
ഡുവോയില്‍ ഓഡിയോ കോള്‍ ഫീച്ചര്‍ ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2016, 7:04 pm

വീഡിയോ കോളിന്റെ പുത്തന്‍ സാധ്യതകള്‍ തുറന്നു നല്‍കിക്കൊണ്ട് ഗൂഗിള്‍ അവതരിപ്പിച്ച പുതിയ ആപ്പാണ് ഡുവോ. കഴിഞ്ഞ ദിവസമാണ് ഡുവോ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങിയത്. ഇപ്പോഴിതാ ഡുവോയില്‍ ഓഡിയോ കോളിങ്ങ് ഫീച്ചറും ഉള്‍പ്പെടുത്താനൊരുങ്ങുകയാണ് ഗൂഗിള്‍.

ഗൂഗിള്‍ പ്ലസില്‍ ഇത് സംബന്ധിച്ചു വന്ന ചോദ്യത്തിന് മറുപടിയായി ഗൂഗിളിന്റെ പ്രോഡക്റ്റ് മാനേജര്‍ അമിത്ത് ഫുലെയാണ് ഓഡിയോ കോളിങ്ങ് ഫീച്ചര്‍ സംബന്ധിച്ച സ്ഥരീകരണം നല്‍കിയത്. ഗൂഗിളിന്റെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഡുവോ ആദ്യമായി അവതരിപ്പിച്ചത്.

മുന്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ മികവുമായാണ് ഡുവോ എത്തുന്നത്. ഹാങ് ഔട്ടുള്‍പ്പെടെയുള്ള സങ്കേതങ്ങള്‍ ഗൂഗിളിന് തന്നെയുണ്ടെങ്കിലും ഏറ്റവുമെളുപ്പത്തില്‍ വീഡിയോ കോളൊരുക്കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

ആപ്പിളിന്റെ ഫേസ്‌ടൈമിന് സമാനമായ രീതിയിലുള്ള ആന്‍ഡ്രോയിഡിന്റെ സംവിധാനമായും ആപ്പിനെ പലരും വിശദീകരിക്കുന്നുണ്ട്. വേഗം കുറഞ്ഞ നെറ്റ്‌വര്‍ക്കിലും മികച്ച നിലവാരത്തിലുള്ള വീഡിയോ കോളുകളാണ് ഗൂഗിള്‍ ഉറപ്പുനല്‍കുന്നത്.

ലാളിത്യവും മികവുമാണ് ആപ്പിന്റെ മുഖമുദ്ര. ഇതുവരെയുള്ള ആപ്പുകളില്‍ ഫോണെടുത്താല്‍ മാത്രമേ, വിളിക്കുന്നയാളെ കാണാനാവുമായിരുന്നുള്ളൂ. എന്നാല്‍ ബെല്ലടിക്കുമ്പോള്‍ തന്നെ വിളിക്കുന്നയാളുടെ തത്സമയ വീഡിയോ കോള്‍ സ്വീകരിക്കുന്നയാള്‍ക്ക് കാണാനാകുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

നെറ്റ്‌വര്‍ക്ക് മോഡില്‍ നിന്ന് വൈഫൈയിലേക്ക് ഇന്റര്‍നെറ്റ് മാറിയാലും കോള്‍ കട്ടാകില്ലെന്നും ഗൂഗിള്‍ പറയുന്നു. ജീമെയില്‍ അക്കൗണ്ടില്ലാതെ ഫോണ്‍നമ്പറിലൂടെ ഉപയോഗിക്കാനാകുന്ന ഗൂഗിളിന്റെ ആദ്യത്തെ ആപ്പുമാണ് ഡുവോ. ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് സമാനമായ രീതിയില്‍, പുഷ് മെസേജ് സംവിധാനത്തോട് കൂടിയ “അല്ലോ” എന്ന മെസഞ്ചര്‍ ആപ്പും ഉടന്‍ പുറത്തിറങ്ങുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.