| Friday, 20th March 2020, 4:10 pm

കൊവിഡ് കാലത്ത് ഗൂഗിള്‍ പോലും ആദരിച്ച ഡോ.ഇഗ്‌നാസിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് എന്തുകൊണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോകമൊട്ടാകെ എല്ലാ ആരോഗ്യവിദഗ്ദ്ധരും ഒരുപോലെ ആവശ്യപ്പെടുന്ന കാര്യം വൃത്തിയായി കൈകഴുകുന്നതിനെക്കുറിച്ചാണ്. കൃത്യമായ രീതികളില്‍ കൈകഴുകിയാല്‍ വൈറസും മറ്റു കീടാണുക്കളും വഴി രോഗം പകരുന്നത് തടയാനാകുമെന്ന് കണ്ടെത്തിയത് ഹംഗേറിയന്‍ ഡോക്ടറും ശസ്ത്രജ്ഞനുമായ ഇഗ്‌നാസ് സെമ്മല്‍വീസാണ്. ഇന്ന് ഗൂഗിള്‍ ഇദ്ദേഹത്തിന് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള ഡൂഡില്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൈകഴുകുന്നതിന്റെ വിവിധ സ്റ്റെപ്പുകളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ആരാണ് ഡോ.ഇഗ്‌നാസ് സെമ്മല്‍വീസ് ? 

അണുബാധ തടയലിന്റെ പിതാവ് എന്നാണ് ഡോ.ഇഗ്‌നാസ് സെമ്മല്‍വീസ് അറിയപ്പെടുന്നത്. കൈ കഴുകുന്നതിന്റെ ശാസ്ത്രീയ വശവും ആരോഗ്യമേഖലയില്‍ ഇതിന്റെ ഗുണങ്ങളും ഏറ്റവും ആദ്യം തിരിച്ചറിഞ്ഞ വ്യക്തിയായിട്ടാണ് ഡോ.ഇഗ്‌നാസിനെ ലോകം ആദരിക്കുന്നത്.

1847ല്‍ വിയന്നയിലെ ആശുപത്രിയിലെ മറ്റേണിറ്റി ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഡോ.ഇഗ്‌നാസ് ഡോക്ടര്‍മാര്‍ ക്ലോറിനേറ്റഡ് ലൈം ഉപയോഗിച്ച് കൈകഴുകുന്നത് ഡോക്ടര്‍മാര്‍ വഴി രോഗങ്ങള്‍ പകരുന്നത് തടയാനാകുമെന്നത് കണ്ടെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡോ. ഇഗ്‌നാസ് വിയന്നയിലെ ഈ ആശുപത്രിയില്‍ ജോലിക്കായി എത്തുന്ന സമയത്ത് ഇവിടെ ചൈല്‍ഡ്ബെഡ് ഫീവര്‍ എന്ന അസുഖം വഴി പ്രസവശേഷം നിരവധി സ്ത്രീകളാണ് മരിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഡോ.ഇഗ്‌നാസ് അന്വേഷണം നടത്തുകയും ഓപ്പറേഷന്‍ റൂമുകളില്‍ നിന്നും എത്തുന്ന ഡോക്ടര്‍മാര്‍ വഴിയാണ് പലര്‍ക്കും അസുഖങ്ങള്‍ വരുന്നതെന്നും കണ്ടെത്തി. തുടര്‍ന്നാണ് ഇദ്ദേഹം കൈകള്‍ ഡിസ്ഇന്‍ഫെക്ട് ചെയ്യുന്നത് രോഗം പകരുന്നത് ഒഴിവാക്കാനാകുമെന്ന് കണ്ടെത്തുന്നതും അതിനുള്ള നടപടികളും ബോധവത്കരണവും ആരംഭിക്കുന്നതും. ഇതിന്റെ ഭാഗമായി മാതൃമരണനിരക്കില്‍ വലിയ കുറവാണുണ്ടായത്. ആദ്യ ഘട്ടത്തില്‍ തന്നെ 18.27 ശതമാനത്തില്‍ നിന്നും 1.27ലേക്ക് എത്തിയത് കൂടാതെ 1848 ആഗസ്റ്റില്‍ ഒരു മരണം പോലും സംഭവിച്ചുമില്ല.

പക്ഷെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പലരും കൈകള്‍ നന്നായി കഴുകി ഡിസ്ഇന്‍ഫെക്ട് ചെയ്താല്‍ രോഗം പകരുന്നത് തടയാനാകുമെന്ന് വാദത്തെ പുച്ഛത്തോടെയാണ് നോക്കിക്കണ്ടത്. പലരും ഈ നടപടിയെ പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തു. ഡോക്ടര്‍മാരുടെ ഈ അലംഭാവം ജനങ്ങളുടെ മരണത്തിലാണ് കലാശിക്കുന്നതെന്നും അതിനാല്‍ ഇത്തരം ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ഡോ.ഇഗ്‌നാസ് പറഞ്ഞിരുന്നത്.

അദ്ദേഹത്തിന്റെ മരണശേഷം, ജേം തിയറി ഓഫ് ഡിസീസ് രംഗത്ത് വരികയും ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്ത ശേഷമായിരുന്നു ഇദ്ദേഹം പറഞ്ഞ കൈകഴുകുന്നതിന്റെ ആരോഗ്യപരമായ നേട്ടങ്ങള്‍ ശാസ്ത്രലോകം അംഗീകരിച്ചത്. ഇത് ഡോക്ടര്‍മാര്‍ മാത്രമല്ല, പൊതുജനങ്ങളും പാലിക്കണമെന്നും, എല്ലാവരുടെയും ദൈനംദിനജീവിതത്തിന്റെ ഭാഗമാക്ക്ണമെന്ന ബോധവത്കരണവും ആരംഭിച്ചു.

ഇന്ന് ലോകമാകെ കൊവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ ഈ രോഗത്തിന്റെ വ്യാപനം തടയാന്‍ ലോകാരോഗ്യ സംഘടനയടക്കം എല്ലാവരും ആവര്‍ത്തിച്ചുപറയുന്ന കാര്യം കൈകള്‍ നല്ല വൃത്തിയായി, കൃത്യമായ ഇടവേളകളില്‍ കഴുകണം എന്നാണ്. ഓരോ തവണയും ഇരുപത് സെക്കന്റെങ്കിലും കൈകകള്‍ കഴുകണമെന്നും ഈ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. കേരള സര്‍ക്കാരിന്റെ ബ്രേക്ക് ദ ചെയ്ന്‍ ക്യാംപെയ്നും പറയുന്നത് കൈകകഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്നെ..

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഡോ.ഇഗ്‌നാസ് സെമ്മല്‍വീസ് പറഞ്ഞുവെച്ച പാഠങ്ങളാണ് ഇന്ന് കൊവിഡ് 19 എന്ന മഹാമാരിയെ തടയാന്‍ തുണയാകുന്നതെന്ന് നമുക്ക് മറക്കാതിരിക്കാം.

We use cookies to give you the best possible experience. Learn more