പ്രശസ്ത ബോളിവുഡ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന നര്‍ഗീസ് ദത്തിന് ഗൂഗിളിന്റെ ആദരം. നര്‍ഗീസ് ദത്തിന്റെ ജന്മദിനമായ ഇന്ന് അവരുടെ ചിത്രമാണ് ഗൂഗിള്‍ ഡൂഡിലായി എത്തിയിരിക്കുന്നത്.
“ആവാര”, “മദര്‍ ഇന്ത്യ” തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായി മാറിയ നര്‍ഗീസ് ദത്ത് 1929 ജൂണ്‍ 1 നാണ് ജനിച്ചിരുന്നത്.
1942ല്‍ “തമന്ന” എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച ഫാത്തിമ റഷീദ് എന്ന നര്‍ഗീസ് ദത്ത് നാല്‍പതുകളിലും അന്‍പതുകളിലും രാജ് കപൂറിന്റെ ജോഡിയായി വെള്ളിത്തിരയുടെ പ്രിയ താരമായി മാറി.
ബോളിവുഡ് താരമായ സുനില്‍ ദത്തിനെ വിവാഹം കഴിച്ച നര്‍ഗീസ് പിന്നീട് 1980ല്‍ രാജ്യസഭാംഗവുമായി. ബോളിവുഡ് താരമായ സഞ്ജയ് ദത്ത്, കോണ്‍ഗ്രസ് എം.പിയായിരുന്ന പ്രിയ ദത്ത്, നമ്രത ദത്ത് എന്നിവരാണ് നര്‍ഗീസിന്റെ മക്കള്‍. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് 1981ല്‍ 51ാം വയസിലാണ് നര്‍ഗീസ് ദത്ത് ഈ ലോകത്തോട് വിട പറഞ്ഞത്.