ഐഫോണിനും ഐപാഡിനും വേണ്ടി ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ - വെബ് ലോകത്തെ രാജാവായി ഗൂഗിള്‍
Big Buy
ഐഫോണിനും ഐപാഡിനും വേണ്ടി ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ - വെബ് ലോകത്തെ രാജാവായി ഗൂഗിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th June 2012, 1:52 pm

സാന്‍ഫ്രാന്‍സിസ്‌കോ : ടെക് ലോകത്തിലെ പുതിയ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇനിമുതല്‍ ആപ്പിളിന്റെ ഐഫോണിലും ഐപാഡിലും ഗൂഗിള്‍ ക്രോം വെബ് ബ്രൗസര്‍ ഉപയോഗിക്കാം. ഗൂഗിളിന്റെ ടാബ്ലറ്റായ നെക്‌സസ് 7 ഇറങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് ഗൂഗിള്‍ ക്രോം ഐപാഡിലും ഐഫോണിലും ലഭ്യമാകുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.

ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരിയെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ സ്വന്തം ബ്രൗസര്‍ ഐഫോണിലും ഐപാഡിലും കൊണ്ടുവരുന്നതെന്നും വിലയിരുത്തലുണ്ട്. ആപ്പിളിലൂടെ ക്രോം ഹിറ്റായാല്‍ അതിന്റെ ലാഭം ലഭിക്കുന്നതും ഗൂഗിളിന് തന്നെയായിരിക്കും.

സെര്‍ച്ച് ലോകത്തെ പഴയ രാജാക്കന്മാരായിരുന്ന യാഹൂവിന്റെ പുതിയ ബ്രൗസറായ ആക്‌സിസ് ഐഫോണിലും ഐപാഡിലും  ലഭ്യമായി ഒരുമാസം കഴിഞ്ഞാവും ഗൂഗിള്‍ ക്രോം ആപ്പിളില്‍ ലഭ്യമാകുക.

നിലവില്‍ ഗൂഗിള്‍ ക്രോമിന് മൊത്തം 310 മില്യണ്‍ ഉപയോക്താക്കളുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 160 മില്യണ്‍ ആയിരുന്നു. 2008 ലാണ് ഗൂഗിള്‍ തങ്ങളുടെ ബ്രൗസര്‍ പുറത്തിറക്കിയത്.

ആപ്പിള്‍ ഐപാഡിനേക്കാള്‍ കുറഞ്ഞ വിലയില്‍ നെക്‌സസ് 7 പുറത്തിറക്കിയതും ഐഫോണിലും ഐപാഡിലും ഗൂഗിള്‍ ക്രോം വരുന്നതുമെല്ലാം വെബ് ലോകത്തെ രാജാവാകാനുള്ള ഗൂഗിളിന്റെ പടപ്പുറപ്പാടായാണ് വെബ് ലോകം വിലയിരുത്തുന്നത്.