ഗൂഗിള്‍ ക്രോം ഹാക്ക് ചെയ്താല്‍ 10 കോടി സമ്മാനം
Big Buy
ഗൂഗിള്‍ ക്രോം ഹാക്ക് ചെയ്താല്‍ 10 കോടി സമ്മാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd August 2012, 11:29 am

ന്യൂയോര്‍ക്ക്: ഹാക്കര്‍മാരെ വെല്ലുവിളിച്ച് ഗൂഗിള്‍. ഗൂഗിളിന്റെ ഓപ്പണ്‍സോഴ്‌സ് വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമിനെ ഹാക്ക് ചെയ്താല്‍ 10 കോടി രൂപയാണ് ഗൂഗിള്‍ ഓഫര്‍ ചെയ്യുന്നത്. ഇതിനായി പ്രത്യേക മത്സരവും ഗൂഗിള്‍ നടത്തുന്നുണ്ട്.

ഒക്ടോബര്‍ 10 ന് ക്വാലാലംപൂരിലാണ് മത്സരം. ക്രോമിന്റെ പോരായ്മകള്‍ കണ്ടുപിടിച്ച് അതിലൂടെ ഹാക്ക് ചെയ്യുന്നവരെയാണ് വിജയിയായി പ്രഖ്യാപിക്കുക. []

വിവിധ വിഭാഗങ്ങളായാണ് മത്സരം നടക്കുക. ക്രോമിന്റെ പോരായ്മകൊണ്ട് മാത്രം ഹാക്ക് ചെയ്താല്‍ 33 ലക്ഷവും ക്രോമിന്റെ പോരായ്മമൂലം ഭാഗികമായി ഹാക്ക് ചെയ്താല്‍ 27 ലക്ഷം രൂപയുമാണ് ലഭിക്കുക. ക്രോമിന്റെ പോരായ്മമൂലമല്ലാതെയാണ് ഹാക്ക് ചെയ്യുന്നതെങ്കില്‍ 22 ലക്ഷവുമാണ് ലഭിക്കുക.

ഗൂഗിള്‍ നല്‍കുന്ന എയ്‌സര്‍ അസ്പയര്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഗൂഗിള്‍ ക്രോം ഉപയോഗിച്ചാണ് മത്സരം നടക്കുക.

തങ്ങളുടെ വെബ് ബ്രൗസര്‍ കൂടുതല്‍ സുരക്ഷിതവും കരുത്തുമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു സാഹസികതയുമായി ഗൂഗിള്‍ എത്തുന്നത്. എന്തായാലും ഹാക്കര്‍മാരാണോ അതോ ഗൂഗിളാണോ കരുത്തര്‍ എന്നറിയാന്‍ ഒക്ടോബര്‍ 10 വരെ കാത്തിരിക്കാം.