| Friday, 20th January 2023, 10:05 pm

സോറി, ഈ അവസ്ഥയുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു; 12000 പേരെ പിരിച്ചുവിട്ടതില്‍ സുന്ദര്‍ പിച്ചൈ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 12,000 പേരെ പിരിച്ചുവിട്ടതിനെ കുറിച്ച് തൊഴിലാളികള്‍ക്ക് ഇമെയില്‍ അയച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ. ഏറെ വിഷമം പിടിച്ച ഒരു വാര്‍ത്തയാണ് പങ്കുവെക്കാനുള്ളതെന്ന വാചകവുമായാണ് സുന്ദര്‍ പിച്ചൈയുടെ മെയില്‍ തുടങ്ങുന്നത്.

ഏറ്റവും കഴിവുള്ള ഒരുപാട് പേരോടാണ് വിട പറയേണ്ടി വന്നിരിക്കുന്നതെന്നും അതില്‍ താന്‍ ഏറെ ദുഖിതനാണെന്നും സോറി പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. ഈ പിരിച്ചുവിടല്‍ ഗൂഗിളിലുള്ള എല്ലാവരുടെയും ജീവിതത്തെ ബാധിക്കുമെന്നും, ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച തീരുമാനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നുവെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

‘കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ നമുക്ക് വലിയ വളര്‍ച്ചയുണ്ടാക്കാനായ ചില സമയങ്ങളുണ്ടായിരുന്നു. നിരവധി പേരെ ജോലിക്കെടുത്തതും അതുകൊണ്ടാണ്. എന്നാല്‍ അന്നത്തെ സാമ്പത്തിക അവസ്ഥയില്‍ നിന്നും ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുകയാണ്,’ സുന്ദര്‍ പിച്ചൈയുടെ കത്തില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തടക്കം ഗൂഗിള്‍ നിക്ഷേപം നടത്തിയിട്ടുള്ള വിവിധ പദ്ധതികളുടെ വിജയത്തിന് ചില കഠിനമായ തീരുമാനങ്ങളെടുത്തേ മതിയാകുവെന്നും സി.ഇ.ഒ തുടര്‍ന്ന് പറയുന്നുണ്ട്.

ഗൂഗിളിന്റെ ഉല്‍പന്നങ്ങളും സേവനങ്ങളും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി വിലയിരുത്തികൊണ്ടാണ് പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചക്ക് പ്രഥമ പരിഗണന നല്‍കിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.

ഗൂഗിളിന്റെ പാരന്റ് കമ്പനിയായ ആല്‍ഫബെറ്റിലെ വിവിധ മേഖലകളില്‍ നിന്നാണ് തൊഴിലാളികളെ പിരിച്ചുവിട്ടിരിക്കുന്നത്. ടെക് ഭീമന്മാര്‍ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയും യു.എസിലെ സാങ്കേതിക മേഖലകളില്‍ പിരിച്ചുവിടലുകള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് ഗൂഗിളിന്റെ നീക്കം.

മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ, ട്വിറ്റര്‍ എന്നീ സാങ്കേതികവിദ്യ മേഖലയിലെ ഭീമന്‍ കമ്പനികളെല്ലാം ഈയടുത്ത കാലത്തായി തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

Content Highlight: Google CEO Sundar Pichai’s mail to employees of the layoff of 12000 employees

We use cookies to give you the best possible experience. Learn more