ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം നടന്ന ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മത്സരത്തിലൂടെ നേട്ടമുണ്ടാക്കി ടെക് ഭീമനായ ഗൂഗിളും.
ലോകകപ്പ് ഫൈനല്‍ മത്സരം കാരണം 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സെര്‍ച്ച് ട്രാഫിക്കാണ് കഴിഞ്ഞ ദിവസം ഗൂഗിളിനുണ്ടായത്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ തന്നെയാണ് ഒരു ട്വീറ്റിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
”ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിനിടെ, ഗൂഗിള്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സെര്‍ച്ച് ട്രാഫിക് രേഖപ്പെടുത്തി, ലോകം മുഴുവന്‍ ഈയൊരൊറ്റ കാര്യത്തെ കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു അത്!,” സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തു.
ഫൈനലില്‍ ഫ്രാന്‍സിന് വേണ്ടി എംബാപ്പെ നേടിയ മൂന്നാമത്തെ ഗോളാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ക്ക് കാരണമായത്.
”ഫ്രാന്‍സിന്റെ ഗോളിനെ കുറിച്ച് സെക്കന്റില്‍ 24,400 ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഒരു ലോകകപ്പിലെ എക്കാലത്തെയും ഉയര്‍ന്നത്,” ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
നിരവധി ഹാഷ്ടാഗുകളും വേള്‍ഡ് കപ്പ് ഫൈനലിന്റെ ഭാഗമായി ട്രെന്‍ഡിങ്ങായി.
അതേസമയം, ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന അര്‍ജന്റീന- ഫ്രാന്‍സ് മത്സരം 1.5 ലക്ഷം പേരാണ് നേരിട്ട് കണ്ടത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3 സമനിലയിലായതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
ഫ്രാന്‍സിന്റെ മൂന്ന് ഗോളുകളും നേടിയത് കിലിയന്‍ എംബാപ്പെയാണ്. അര്‍ജന്റീനക്ക് വേണ്ടി ഒരു പെനാല്‍ട്ടിയടക്കം മെസി രണ്ട് ഗോളുകളും ഏഞ്ചല്‍ ഡി മരിയയും ഒരു ഗോളും നേടി.
Content Highlight: Google CEO Sundar Pichai reveals FIFA World Cup final caused Search’s big record traffic