കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന്റെ ആവേശം ലോകമൊന്നാകെ അലയടിച്ചിരുന്നു. ക്രിക്കറ്റ് രംഗത്ത് നിന്ന് പുറത്തുള്ളവര്‍ പോലും ഇന്ത്യയുടെ വിജയത്തിനെയും കോഹ്‌ലിയുടെ ഗംഭീര പ്രകടനത്തെയും പുകഴ്ത്തി രംഗത്തെത്തയിരുന്നു.
ഗൂഗിളിന്റെ സി.ഇ.ഒയായ സുന്ദര്‍ പിച്ചൈയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദമര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന മൂന്ന് ഓവര്‍ വീണ്ടും കണ്ടുകൊണ്ടാണ് താന്‍ ദീപാവലി ആഘോഷിച്ചതെന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.
‘ദീപാവലി ആശംസകള്‍. എല്ലാവരും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുകയാണെന്ന് കരുതുന്നു.
ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന മൂന്ന് ഓവര്‍ വീണ്ടും കണ്ടാണ് ഞാന്‍ എന്‍രെ ദീപാവലി ആഘോഷിക്കുന്നത്. എന്തൊരു മികച്ച ഗെയിമായിരുന്നു. #Diwali, #TeamIndia, #T20WC2022,’ എന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ്.
എന്നാല്‍ അദ്ദേഹത്തെ ഒരു പാക് ആരാധകന്‍ ചൊറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നിങ്‌സിന്റെ ആദ്യ മൂന്ന് ഓവറും കാണണമെന്നായിരുന്നു ഇയാള്‍ പിച്ചൈയുടെ ട്വീറ്റിന് റിപ്ലൈ നല്‍കിയത്.
എന്നാല്‍ ഇതിന് സുന്ദര്‍ പിച്ചൈ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. താന്‍ ആ മൂന്ന് ഓവര്‍ കണ്ടുവെന്നും ഭുവനേശ്വറും അര്‍ഷ്ദീപും എതിരാളികളെ എറിഞ്ഞിടുകയായിരുന്നെന്നും അദ്ദേഹം റീ ട്വീറ്റ് ചെയ്തു.
ഇതോടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച നടന്ന ആവേശോജ്വലമായ മത്സരത്തില്‍ അവസാന പന്തിലായിരുന്നു ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ 159 റണ്‍സില്‍ പാകിസ്ഥാനെ എറിഞ്ഞൊതുക്കുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ കരുത്തായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോഹ്ലിയുടെയും ഹര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സിലായിരുന്നു പാകിസ്ഥാനെ പരാജയപ്പെടുത്തിയത്.
അതേസമയം, ഒക്ടോബര്‍ 27നാണ് ഇന്ത്യയുടെ മത്സരം. നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍. അതേദിവസം തന്നെ പാകിസ്ഥാനും തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നുണ്ട്. സിംബാബ്‌വേയുമായാണ് ബാബറും സംഘവും ഏറ്റുമുട്ടുന്നത്.
Content Highlight: Google CEO Sundar Pichai Gives Epic Response To Pakistani Fan