ഇന്ത്യ-പാക് ക്രിക്കറ്റില്‍ കോഹ്‌ലി താരമായപ്പോള്‍, ട്വിറ്ററില്‍ തരംഗം സൃഷ്ടിച്ച് ഗൂഗിള്‍ സി.ഇ.ഒ
സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ മെൽബണിൽ നടന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ തിളങ്ങിയത് ഇന്ത്യൻ താരങ്ങളായ കോഹ്ലിയും അർഷ്ദീപുമൊക്കെയാണെങ്കിൽ, ട്വിറ്ററിൽ തരം​ഗമായിരിക്കുന്നത് ​ഗൂ​ഗിളിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ ആണ്. കളി കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞും ചർച്ചകൾ തകൃതിയായി തുടരുന്നതിന് പിന്നിൽ അദ്ദേഹം പങ്കു വെച്ച ട്വീറ്റ് ആണ്.

പാകിസ്ഥാനെതിരെ ഇന്ത്യ കളി ജയിച്ചതിന് ശേഷം അദ്ദേഹം ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത് കഴിഞ്ഞ ദിവസം നമ്മളെല്ലാരും കണ്ടതാണ്. എന്നാൽ അതിനൊരു പാക് ആരാധകൻ റീ ട്വീറ്റ് ചെയ്തതും, റീ ട്വീറ്റിനെതിരെ പിച്ചൈ റിപ്ലൈ നൽകിയതുമാണ് ചർച്ചക്കിടയാക്കിയത്.

കളി ജയിച്ച ശേഷം,
ഇന്ത്യൻ ഇന്നിങ്സിലെ അവസാന മൂന്ന് ഓവർ വീണ്ടും കണ്ടാണ് ഞാൻ എന്റെ ദീപാവലി ആഘോഷിക്കുന്നത്. എന്തൊരു മികച്ച ഗെയിമായിരുന്നു
എന്നിങ്ങനെ പോകുന്ന വാചകങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.

തൊട്ടുപുറകെ ഒരു പാക് ആരാധകൻ അത് റീ ട്വീറ്റ് ചെയ്തു. ഇന്നിങ്സിന്റെ ആദ്യ മൂന്ന് ഓവറും കാണണമെന്നായിരുന്നു ഇയാൾ പിച്ചൈയുടെ ട്വീറ്റിന് റിപ്ലൈ നൽകിയത്.

ഇതിന് സുന്ദർ പിച്ചൈ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയായിരുന്നു. താൻ ആ മൂന്ന് ഓവർ കണ്ടുവെന്നും ഭുവനേശ്വറും അർഷ്ദീപും എതിരാളികളെ എറിഞ്ഞിടുകയായിരുന്നെന്നുമാണ് അദ്ദേഹം പാക് ആരാധകന് റീ ട്വീറ്റ് ചെയ്തത്.

മെൽബണിൽ നടന്ന ആവേശോജ്വലമായ ഏറ്റുമുട്ടലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിനെ തുടർന്ന് വലിയ രീതിയിലുള്ള തെറ്റിദ്ധാരണകൾ പാക് ആരാധകർക്കിടയിൽ വ്യാപകമായിരുന്നല്ലോ. ആ വാദപ്രതിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്നതാണ് സുന്ദർ പിച്ചെെയുടെ ട്വീറ്റിനെ ചുറ്റിപ്പറ്റി നടക്കുന്ന ഈ വാക് പോരും സൂചിപ്പിക്കുന്നത്.

പാകിസ്ഥാൻ മത്സരത്തിൽ തോറ്റതിന് പിന്നാലെ അമ്പയർമാർക്കെതിരെയും ഇന്ത്യൻ ടീമിനെതിരെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. തങ്ങൾ തോറ്റിട്ടില്ലെന്നും വിജയം ഇന്ത്യ തട്ടിപ്പെറിച്ചെടുക്കുകയുമായിരുന്നു എന്നതാണ് ചില പാക് ആരാധകരുടെ പ്രധാന ആരോപണം.

അവസാന ഓവറിൽ അമ്പയർമാർ വിധിച്ച നോ ബോളും ഫ്രീഹിറ്റിൽ കോഹ്ലിയും കാർത്തിക്കും ഓടിയെടുത്ത മൂന്ന് റൺസുമാണ് പാക് ആരാധകരെ ചൊടിപ്പിച്ചത്.

പന്ത് സ്റ്റമ്പിൽ തട്ടിയതിനാൽ അത് ഡെഡ് ബോൾ ആയിരിക്കണമെന്ന വാദമാണ് അവർ ഉന്നയിച്ചിരുന്നത്. അമ്പയർമാർ ഇന്ത്യയുടെ ജയത്തിന് വേണ്ടിയാണ് കളിച്ചതെന്നും ഇവരെ ആജീവനനാന്തം അമ്പയറിങ്ങിൽ നിന്നും വിലക്കണമെന്ന ആവശ്യവും പാക് ആരാധകരിൽ ചിലർ ഉന്നയിച്ചിരുന്നു.

ആരാധകർക്ക് പുറമെ ഷോയ്ബ് അക്തർ അടക്കമുള്ള പാക് സൂപ്പർ താരങ്ങളും അമ്പയറിങ്ങിനെ വിമർശിച്ചിരുന്നു. ഇതിനെല്ലാം പുറമെ ഓസീസ് താരങ്ങളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

എന്നാൽ ഇതിനേക്കാളേറെ വിവാദമായത് നോ ബോളിന്റെ വകയായി ലഭിച്ച ഫ്രീ ഹിറ്റ് ഡെലിവറിയായിരുന്നു. ഫ്രീ ഹിറ്റ് ഡെലിവറിയിൽ വിരാട് കോഹ്‌ലി ക്ലീൻ ബൗൾഡാവുകയും പന്ത് ബൗണ്ടറി ലൈനിലേക്ക് ഉരുണ്ടുപോവുകയുമായിരുന്നു.

എന്നാൽ ഈ സമയത്ത് തന്നെ വിരാടും ദിനേഷ് കാർത്തിക്കും ചേർന്ന് മൂന്ന് റൺസ് ഓടിയെടുക്കുകയും ബൈ ഇനത്തിൽ ആ മൂന്ന് റൺസ് ഇന്ത്യയുടെ അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു.

എന്നാൽ ഇത് ഡെഡ് ബോൾ ആണെന്നായിരുന്നു വിമർശകരുടെ വാദം. അമ്പയർ എന്തുകൊണ്ട് ഡെഡ് ബോളായി അതിനെ പരിഗണിച്ചില്ലെന്നാണ് പാക് ആരാധകരും മുൻ പാക് താരങ്ങളും ചോദിക്കുന്നത്.

ഈ വിവാദം കത്തിക്കൊണ്ടിരിക്കെ ഇതിന് ഒരു അറുതി വരുത്തുന്ന പ്രസ്താവനയുമായി ഇതിഹാസ അമ്പയർ സൈമൺ ടഫൽ എത്തി.
അത് ഡെഡ് ബോൾ അല്ലെന്നും അമ്പയർമാരുടെ തീരുമാനം ശരിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആവേശകരമായി കഴിഞ്ഞ മത്സരത്തിന് പിന്നാലെ നിരവധി പേർ ഫ്രീ ഹിറ്റിൽ ഇന്ത്യ നേടിയ ബൈ റൺസിനെ കുറിച്ച് ചോദിച്ചിരുന്നു.

പന്ത് സ്റ്റമ്പിൽ തട്ടി തേഡ് മാനിലേക്ക് ഉരുണ്ടുപോയതിന് പിന്നാലെ ബാറ്റർമാർ മൂന്ന് റൺസ് എടുത്തു. ഇത് ബൈ ആണെന്ന ശരിയായ തീരുമാനമായിരുന്നു അമ്പയർ കൈക്കൊണ്ടത്.

ഒരു ഫ്രീ ഹിറ്റ് ഡെലിവറിയിൽ സ്‌ട്രൈക്കറെ ബൗൾഡാക്കാൻ നിങ്ങൾക്ക് സാധിക്കില്ല. അതുകൊണ്ട് തന്നെ പന്ത് സ്റ്റമ്പിൽ കൊണ്ടതിനാൽ അതിനെ ഡെഡ് ആയി കണക്കാക്കാൻ സാധിക്കില്ല. ബൈ റൺസിന്റെ എല്ലാ വിധത്തിലുള്ള മാനദണ്ഡങ്ങളും അത് പാലിക്കുന്നുണ്ട് എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറഞ്ഞത്.

ഏറ്റവും രസകരമായ കാര്യം മത്സരം കഴിഞ്ഞ് ആരാധകർക്കിടയിൽ വാക് തർക്കങ്ങൾ കലശലായി നടക്കുമ്പോഴും ഇന്ത്യ-പാക് ടീമിലെ താരങ്ങൾ തങ്ങളുടെ സൗഹൃദം തുടരുന്നുണ്ട് എന്നുള്ളതാണ്. മാത്രമല്ല മത്സര ശേഷം പാക് ക്യാപ്റ്റൻ തന്റെ സഹതാരങ്ങളോട് പങ്കുവെച്ച കാര്യങ്ങൾ നമ്മളെല്ലാം സോഷ്യൽ മീഡിയ വഴി കണ്ടറിഞ്ഞതുമാണ്.

എത്ര പക്വമായായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതൊരു തോൽവിയായി കാണേണ്ടെന്നും മത്സ​രങ്ങൾ ഇനിയും നടക്കാനിരിക്കുന്നേ ഉള്ളൂവെന്നും അതുകൊണ്ട് ഇപ്പോൾ ഉണ്ടായ തോൽവിയിലെ പിഴവുകൾ മനസിലാക്കി അത് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം എന്നൊക്കെയാണ് അദ്ദേഹം സഹതാരങ്ങളോട് പറഞ്ഞത്. മാത്രമല്ല ടീമിന്റെ തോൽവിയിൽ ആരെയും ഒറ്റപ്പെടുത്തരുതെന്നും നമുക്കൊരു ടീമായി തന്നെ മുന്നേറണം എന്നും അദ്ദേഹം പറയുകയണ്ടായി.

നടക്കുന്നത് ലോകകപ്പായത് കൊണ്ട് തന്നെ താരങ്ങളെക്കാൾ ആവേശഭരിതരാകുന്നതും, ആക്രമണോത്സുകരാകുന്നതുമൊക്കെ ആരാധകരായിരിക്കുമല്ലോ, അത്തരത്തിലൊരു വിഷയമാണ് ഇവിടെ നടക്കുന്നതും. അടുത്ത കളിയിൽ പുതുതായി എന്തേലും കിട്ടുന്നത് വരെയേ ഇത്തരം രസകരമായ ഓൺലൈൻ ചർച്ചകൾക്ക് ആയുസുണ്ടാവുകയുള്ളൂ.

 

Content Highlights: Google CEO goes trending on twitter after the India Pakistan match at Melbourne