67ാം ജന്മദിനത്തില്‍ പാക് ഗായകന്‍ നുസ്രത്ത് ഫത്തേഹ് അലിഖാന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡിള്‍
Daily News
67ാം ജന്മദിനത്തില്‍ പാക് ഗായകന്‍ നുസ്രത്ത് ഫത്തേഹ് അലിഖാന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡിള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th October 2015, 9:53 am

Fateh-Ali-khanഫൈസലാബാദ്: ഖവാലി സംഗീത ശാഖയ്ക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ പാക് ഗായകന്‍ നുസ്രത്ത് ഫത്തേഹ് അലിഖാന് ആദരമര്‍പ്പിച്ച് ഗൂഗിളിന്റെ ഡൂഡിള്‍. നുസ്രത്തിന്റെ 67 ആം ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ ഡൂഡിള്‍ പുറത്തിറക്കിയത്. 1948 ഒക്ടോബര്‍ 13ന്പാകിസ്ഥാാനിലെ ഫൈസലാബാദില്‍ സംഗീതവിദ്വാനായ ഫത്തേ അലിഖാന്റെ പുത്രനായി ജനിച്ചു.

സൂഫികളുമായി ബന്ധപ്പെട്ട ഭക്തിഗാനശാഖയായ ഖവ്വാലിക്ക് ലോകവ്യാപകമായ ആസ്വാദകശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ നുസ്രത്ത് വലിയ പങ്കാണ് വഹിച്ചത്. വളരെ പെട്ടെന്ന് സംഗീത ലോകത്ത് ഖ്യാതി നേടിയ അലിഖാന്‍ നാല്പതിലേറെ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.പീറ്റര്‍ ഗബ്രിയേല്‍, മൈക്കല്‍ ബ്രൂക്ക്, പേള്‍ ജാം ,എഡ്ഡി വെഡ്ഡര്‍ എന്നീ പാശ്ചാത്യസംഗീതജ്ഞരുമായും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് അദ്ദേഹം.

1997ല്‍ എആര്‍ റഹ്മാനുമായി ചേര്‍ന്ന് അദ്ദേഹമുണ്ടാക്കിയ ഗുരൂസ് ഓഫ് പീസ്, ജാവേദ് അക്തറുമായി ചേര്‍ന്നുള്ള സംഗം തുടങ്ങിയ ആല്‍ബങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പാകിസ്ഥാനി,ഹോളിവുഡ്, ബോളിവുഡ് സിനിമകളില്‍ പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്. തന്റെ സംഗീത മാസ്മരികതയില്‍  രാജ്യത്തിന്റേയും ഭൂഖണ്ഡങ്ങളുടെയും അതിരുകള്‍ ഭേദിക്കാനും അദ്ദേഹത്തിന് സാധിച്ചു.

കടുത്ത പ്രമേഹരോഗിയും പിന്നീട് വൃക്കരോഗിയുമായിത്തീര്‍ന്ന അദ്ദേഹം 1997,ഓഗസ്റ്റ് 16നാണ് അന്തരിച്ചത്. ഏറ്റവും കൂടുതല്‍ റെക്കാര്‍ഡ് ചെയ്യപ്പെട്ട ഖവ്വാലി ഗായകനെന്ന റെക്കോര്‍ഡും നുസ്രത്തിന്റെ പേരിലാണ്. അന്തര്‍ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.