ന്യൂയോര്‍ക്ക്: ഗര്‍ഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശമില്ല എന്ന വിവാദപരമായ യു.എസ് സുപ്രീംകോടതി വിധിക്ക് പിന്നാലെ തൊഴിലാളിസൗഹൃദ നടപടിയുമായി ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍.
ഗര്‍ഭഛിദ്രം നിയമാനുസൃതമായ സംസ്ഥാനങ്ങളിലേക്ക് തൊഴിലാളികള്‍ക്ക് സ്ഥലംമാറാമെന്ന നിര്‍ദേശമാണ് ഗൂഗിള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഗൂഗിളിന്റെ അമേരിക്കയിലെ തൊഴിലാളികള്‍ക്കാണ് സ്വന്തം ഇഷ്ടത്തിനനുസരിച്ച് അബോര്‍ഷന്‍ നിയമവിധേയമായ സംസ്ഥാനത്തേക്ക് താമസവും ജോലിയും മാറ്റാനുള്ള അനുമതി നല്‍കിയത്.
ഗൂഗിളിന്റെ ചീഫ് പീപ്പിള്‍ ഓഫീസര്‍ ഫിയോണ സികോണിയാണ് ഇത് സംബന്ധിച്ച മെമോ ഗൂഗിളിലെ സ്റ്റാഫുകള്‍ക്ക് വേണ്ടി പുറപ്പെടുവിച്ചത്. ”ഗൂഗിളിലെ ഒരു തൊഴിലാളി ജീവിക്കുന്നതും ജോലി ചെയ്യുന്നതുമായ സംസ്ഥാനത്ത് മെഡിക്കല്‍ പ്രോസീജിയര്‍ ലഭ്യമല്ലെങ്കില്‍ അത് ലഭിക്കുന്ന സംസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ ഗൂഗിളിന്റെ അമേരിക്കയിലെ ബെനിഫിറ്റ് പ്ലാനും ഹെല്‍ത്ത് ഇന്‍ഷുറന്‍സും കവര്‍ ചെയ്യുന്നുണ്ട്,” എന്നാണ് മെമോയില്‍ പറയുന്നത്.
പ്രത്യേകിച്ച് ന്യായീകരണങ്ങള്‍ നല്‍കാതെ തന്നെ ഇനിമുതല്‍ ഗൂഗിളിലെ തൊഴിലാളികള്‍ക്ക് റീലൊക്കേഷന് വേണ്ടി അപേക്ഷിക്കാമെന്നും അവര്‍ വ്യക്തമാക്കി.
ഏകദേശം 50 വര്‍ഷം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിവാദ വിധി പ്രസ്താവിച്ചത്. കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് സുപ്രീംകോടതി ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് 1973ലെ ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയത്.
1973ല്‍ രാജ്യത്തുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് v/s വേഡ് എന്ന സുപ്രധാന കേസിലെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ഇതോടെ യു.എസിലെ സംസ്ഥാനങ്ങള്‍ക്ക് ഇനിമുതല്‍ ഗര്‍ഭഛിദ്ര നിയമം നിര്‍മിക്കാന്‍ അനുമതിയുണ്ടാകും. പകുതിയോളം വരുന്ന സംസ്ഥാനങ്ങള്‍ ഉടന്‍ നിയമനിര്‍മാണത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടെക്സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 30 ദിവസത്തിനകം നിരോധനം നടപ്പിലാകും.
നിലവിലെ വിധി പ്രകാരം രാജ്യത്ത് ഓരോ സംസ്ഥാനത്തിനും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതും അനുവദിക്കാതിരിക്കുന്നതും സംബന്ധിച്ച് തീരുമാനിക്കാം എന്നാണ്.
സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും വിധിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
രാജ്യവ്യാപകമായി വിധിക്കെതിരെ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.
അതേസമയം, വിധിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മുന്‍ യു.എസ് പ്രസിഡന്റും റിപബ്ലിക്കന്‍ നേതാവുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.
Content Highlight: Google allows its employees in America to relocate to states where abortion is legal