ന്യൂയോര്‍ക്ക്: അടുത്തിടെ ഗൂഗിള്‍ പുറത്തിറക്കിയ വീഡിയോ കോളിങ്ങ് ആപ്ലിക്കേഷന്‍ ഡ്യുവോ ശ്രദ്ധേയമാകുന്നതിനിടയില്‍ അടുത്ത നീക്കവുമായി ഗൂഗിള്‍. ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ മികച്ച ഡൗണ്‍ലോഡാണ് ഗൂഗിളിന്റെ ഈ പുതിയ ആപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിനിടെയാണ് ലോകത്തിലെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസഞ്ചര്‍ വാട്ട്‌സ്ആപ്പിന് വെല്ലുവിളിയായി ഗൂഗിള്‍ എത്തുന്നത്. ഗൂഗിള്‍ അലോ (Allo) ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്ന പുതിയ ആപ്പ്. തീര്‍ത്തും സിംപിളായ ഇന്റര്‍ഫേസാണ് ഈ ആപ്പിനെ ശ്രദ്ധേയമാക്കുന്നത്.
ഗൂഗിളിന്റെ ജി ടോക്ക് പോലുള്ള സംവിധാനങ്ങളെ മറികടന്നാണ് ഫേസ്ബുക്കും, മെസഞ്ചറും പോലുള്ള ചാറ്റിങ്ങ് ആപ്പുകള്‍ ഉപയോക്താക്കളെ സ്വന്തമാക്കിയത്. ഹാങ്ങ്ഔട്ട് വീഡിയോ ചാറ്റ് അടക്കമുള്ള സംവിധാനങ്ങള്‍ പകരം ഒരുക്കിയെങ്കിലും ഗൂഗിളിന് ഈ മേഖലയില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല.
അതിനാലാണ് പുതിയ ആപ്പുമായി ഗൂഗിള്‍ എത്തുന്നത്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനത്തോടെയാണ് അലോ എത്തുന്നത്. ഒപ്പം പ്രൈവറ്റ് ചാറ്റിങ്ങിനും ഡിസപ്പീയര്‍ സന്ദേശങ്ങള്‍ക്കും ഗൂഗിള്‍ ഈ ആപ്പില്‍ പ്രധാന്യം നല്‍കുമെന്ന് ആന്‍ഡ്രോയ്ഡ് പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് വീഡിയോ ചാറ്റ്, ഐ.എം.ഒ എന്നിവയോട് കിടപിടിക്കുന്നതാണ് ഗൂഗിളിന്റെ ഡ്യൂവോ എന്നാണ് ടെക് നിരീക്ഷകരുടെ തന്നെ വാദം.