| Tuesday, 20th February 2018, 8:50 pm

'കണ്ണു കാണിച്ചാല്‍ മതി, ഹൃദയത്തെ അറിയാം'; കണ്ണു പരിശോധിച്ചാല്‍ ഹൃദ്രോഗ സാധ്യത അറിയാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ലോകമെമ്പാടുമുള്ള മനുഷ്യരെ ഏറ്റവും ഭീതിയിലാഴ്ത്തുന്ന രോഗങ്ങളിലൊന്നാണ് ഹൃദ്രോഗം. പാരമ്പര്യമായി ഉണ്ടാവുന്നതിനു പുറമെ ജീവിതശൈലിയും ഭക്ഷണക്രവും വരെ ഹൃദ്രോഗത്തിനു കാരണമാകുന്നു. ഹൃദ്രോഗം ഉണ്ടാകുമോ എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ അതിനനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെന്ന് കരുതുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും.

ഇപ്പോഴിതാ അതിനുള്ള സാധ്യത തുറന്നിരിക്കുകയാണ് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍. ആരോഗ്യരംഗത്ത് ഗവേഷണം നടത്തുന്ന വെരിലി എന്ന കമ്പനിയുമായി സഹകരിച്ചാണ് ഗൂഗിള്‍ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. നിര്‍മ്മിത ബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് – എ.ഐ) മെഷീന്‍ ലേണിങും സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ചെറിയൊരു കണ്ണുപരിശോധനയിലൂടെ ഹൃദ്രോഗസാധ്യത കണ്ടെത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കണ്ണിലെ റെറ്റിനയുടെ ചിത്രങ്ങള്‍ പരിശോധിക്കുന്നതിലൂടെയാണ് ഹൃദ്രോഗസാധ്യത പ്രവചിക്കാന്‍ കഴിയുക.

“ഹൃദയാരോഗ്യം സംബന്ധിച്ച് പുതിയ സാധ്യതകളാണ് നിര്‍മ്മിത ബുദ്ധി (എ.ഐ) നമുക്ക് നല്‍കുന്നത്. ഹൃദ്രോഗം സംബന്ധിച്ച മുന്നറിയിപ്പ് കംപ്യൂട്ടറിന്റെ സഹായത്തോടെ കണ്ണിലെ റെറ്റിനയുടെ ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കും.” -ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചൈ പറയുന്നു.

നേച്ചര്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കണ്ണിലെ രക്തക്കുഴലുകളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുന്ന റെറ്റിനയുടെ ചിത്രത്തെ ആഴത്തില്‍ പഠിച്ചാല്‍ ഹൃദ്രോഗം പ്രവചിക്കാനാകുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലി മുതല്‍ രക്താതിസമ്മര്‍ദ്ദം വരെയുള്ള കാരണങ്ങള്‍ കൊണ്ടുണ്ടാകാന്‍ സാധ്യതയുള്ള ഹൃദ്രോഗം ഇത്തരത്തില്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും.

ഗവേഷകര്‍ വികസിപ്പിച്ചെടുത്ത അല്‍ഗരിതം ഉപയോഗിച്ച് ഇത്തരത്തില്‍ ഹൃദ്രോഗത്തെ പ്രവചിക്കാന്‍ കഴിയുമെന്ന് വെരിലിയിലെ കാര്‍ഡിയോ വാസ്‌കുലാര്‍ ഹെല്‍ത്ത് ഇന്നോവേഷന്‍സ് തലവന്‍ മൈക്കല്‍ മക്കോന്നെല്‍ തന്റെ ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം ഹൃദ്രോഗ സാധ്യത പ്രവചിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ റെറ്റിനയില്‍ എങ്ങനെ എത്തിയെന്നതു സംബന്ധിച്ച് ഗവേഷകര്‍ക്ക് കൂടുതല്‍ അറിയില്ല. അതിനാല്‍ തന്നെ ചില രോഗികളില്‍ സങ്കീര്‍ണ്ണമായ കൊറോണറി സി.ടി സ്‌കാന്‍ ഉള്‍പ്പെടെ നടത്തേണ്ടിവന്നു. ഒരാളില്‍ ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൃത്യമായി വിലയിരുത്താനായിരുന്നു ഇത്.

2,84,335 രോഗകളിലാണ് ഈ അല്‍ഗരിതം ഉപയോഗിച്ച് പഠനം നടത്തിയത്. റെറ്റിനയുടെ ചിത്രങ്ങള്‍ പരിശോധിച്ചതിലൂടെ ഇവരിലെ ഹൃദ്രോഗസാധ്യത മനസിലാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. അതിശയിപ്പിക്കുന്നത്ര കൃത്യതയാര്‍ന്ന ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.

ഈ അല്‍ഗരിതം ഉപയോഗിച്ച് റെറ്റിന പരിശോധിച്ചാല്‍ രോഗി പുകവലിക്കുന്ന ആളാണോ എന്നു പോലും അറിയാന്‍ കഴിയും. ലളിതമായ കണ്ണുപരിശോധനയിലൂടെ ഹൃദ്രോഗസാധ്യത പ്രവചിക്കാന്‍ സമീപഭാവിയില്‍ തന്നെ കഴിയുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

We use cookies to give you the best possible experience. Learn more