ലോക്കോ പൈലറ്റില്ലാതെ ജമ്മു കശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; അന്വേഷണത്തിന് ഉത്തരവ്
national news
ലോക്കോ പൈലറ്റില്ലാതെ ജമ്മു കശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ഓടി ചരക്ക് ട്രെയിന്‍; അന്വേഷണത്തിന് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th February 2024, 12:57 pm

പത്താന്‍കോട്ട്: ജമ്മു കശ്മീരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ പഞ്ചാബ് വരെ ഓടിയതായി എ.എന്‍.ഐ റിപ്പോര്‍ട്ട്.

കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ചരക്ക് ട്രെയിനാണ് തനിയെ 80 കിലോമീറ്റര്‍ ദൂരം ഓടിയത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 53 ബോഗികളുള്ള ചരക്ക് ട്രെയിനാണ് ഇത്.

കത്വ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ പഞ്ചാബിലെ മുകേരിയനില്‍ ഉച്ചി ബസ്സിക്ക് സമീപം വരെയാണ് ഓടിയത്. ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ലോക്കോ പൈലറ്റ് ഹാന്‍ഡ് ബ്രേക്ക് വലിക്കാന്‍ മറക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പത്താന്‍കോട്ടിലേക്കുള്ള ചരിവ് കാരണമാണ് ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ തനിയെ ഓടിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തത്.

റെയില്‍വേ ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ശേഷമാണ് ആളില്ലാ ട്രെയിന്‍ പഞ്ചാബില്‍ നിര്‍ത്തിച്ചത്. വിവരമറിഞ്ഞതോടെ അപകടങ്ങള്‍ തടയുന്നതിനായി എല്ലാ ലെവല്‍ ക്രോസുകളും അടച്ചിടുകയായിരുന്നു.

പിന്നാലെ റെയില്‍വേ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ചോദ്യമുയര്‍ന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അത്തരം സംഭവങ്ങള്‍ തടയുന്നതിനായുള്ള സംവിധാനങ്ങള്‍ കൊണ്ടുവരുമെന്നും ജമ്മു ഡിവിഷണല്‍ ട്രാഫിക് മാനേജര്‍ അറിയിച്ചു.

ഇതിനിടയില്‍ അതിവേഗത്തില്‍ ഓടുന്ന ചരക്ക് ട്രെയിനിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.


ലോക്കോ പൈലറ്റോ ഗാര്‍ഡുകളോയില്ലാതെ ഓടിയ ട്രെയിന്‍ കാരണം എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടായതായി ഇതുവരെ വിവരങ്ങള്‍ വന്നിട്ടില്ല. ആ സമയം ട്രെയിനില്‍ ചരക്കുണ്ടായിരുന്നോ എന്നതിനെ കുറിച്ച് വ്യക്തതയില്ല.

Content Highlight: Goods Train Runs From Jammu Kashmir To Punjab Without Loco Pilot