പാരീസ്: ഒളിമ്പിക്‌സ് ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട്. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിനേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘സ്വപ്‌നങ്ങള്‍ തകര്‍ന്നു, ഇനി മത്സരിക്കാന്‍ ശക്തിയില്ല, ഗുസ്തിയോട് വിട പറയുകയാണ്’ എന്നാണ് വിനേഷ് ഫോഗട്ട് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കുറിച്ചിരിക്കുന്നത്. എല്ലാവരോടും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലില്‍ ഫൈനലില്‍ പ്രവേശിച്ച വിനേഷ് ഫോഗട്ടിനെ ഭാരപരിശോധനയില്‍ പരിജായപ്പെട്ടതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയത്. 100 ഗ്രാം അമിതഭാരമാണ് ഭാരപരിശോധനയില്‍ കണ്ടെത്തിയിരുന്നത്. ഇതോടെയാണ് വിനേഷിന്റെയും ഇന്ത്യയുടെയും മെഡല്‍ സ്വപ്‌നങ്ങള്‍ അസ്ഥാനത്തായത്.
കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ വിജയിച്ചതോടെ ഒളിമ്പിക്‌സ് ഫൈനലില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന ചരിത്ര നേട്ടം വിനേഷ് ഫോഗട്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അവര്‍ അയോഗ്യയാക്കപ്പെട്ടപ്പോള്‍ നഷ്ടമായത് വര്‍ഷങ്ങളുടെ കാത്തിരിപ്പാണ്.
അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷിനെ നിര്‍ജലീകരണത്തെ തുടര്‍ന്ന് പാരീസിലെ ഒളിമ്പിക്‌സ് വില്ലേജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം വിനേഷ് ഫോഗട്ടിനെ പി.ടി. ഉഷ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് രാജ്യത്തിന്റെ പിന്തുണ അറിയിച്ചിരുന്നു.
അയോഗ്യയാക്കപ്പെട്ടെങ്കിലും വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപ്രതിയും രാഹുല്‍ ഗാന്ധിയും തുടങ്ങി രാഷ്ട്രീയ രംഗത്ത് നിന്നും സിനിമ, കായിക രംഗത്ത് നിന്നും പ്രമുഖരെല്ലാം വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം വിനേഷ് ഫോഗട്ടിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷനും അറിയിച്ചിട്ടുണ്ട്. പലതാരങ്ങളും തങ്ങളുടെ ശാരീരിക ക്ഷമത കണക്കിലെടുക്കാതെയുള്ള മത്സരങ്ങളിലാണ് പങ്കെടുക്കുന്നത് എന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍ പറയുന്നു.
content highlights; Goodbye Wrestling; Vinesh Phogat announces retirement after disqualification