| Wednesday, 6th March 2019, 1:17 pm

നഗരവികസനത്തിന് ഉത്തമ മാതൃകയുമായി വടകര നിവാസികള്‍; ക്ലീന്‍ സാന്റ് ബാങ്ക്‌സ് ചാലഞ്ചിന് അമ്പരപ്പിക്കുന്ന പങ്കാളിത്തം

സൗമ്യ ആര്‍. കൃഷ്ണ

വടകര: കേരളത്തിലെ 83 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മാലിന്യ നിര്‍മ്മാര്‍ജ്ജനമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.റെസ്‌പോണ്‍സിബിള്‍ ടൂറിസം അതായത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് അവിടം സന്ദര്‍ശിക്കുന്നവരുടെയും കൂടി ചുമതലയാണെന്ന ആശയത്തിന് ഈ കാലയളവില്‍ വലിയ പ്രചാരം ലഭിച്ച് വരികയാണ്. ഇതിന് ഉത്തമ മാതൃകയാവുകയാണ് വടകരയിലെ വിവിധ സന്നദ്ധ സംഘടനകള്‍.

വടകരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവും പ്രധാനപ്പെട്ട ബീച്ചുമായ സാന്റ് ബാങ്ക്സും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ക്ലീന്‍ സാന്റ് ബാങ്ക്സ് ചാലഞ്ചിന് തുടക്കമിട്ട നഗരസഭ അധികൃതരെ അമ്പരിപ്പിക്കുന്ന പ്രതികരണമാണ് വടകര നിവാസകളില്‍ നിന്നും
ലഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ മാര്‍ച്ച് മൂന്നിന് തന്നെ മെയ് മാസത്തേക്ക് വരെ ശുചീകരണത്തിനുള്ള ബുക്കിങ്ങ് ആയതായാണ് നഗരസഭ അധികൃതര്‍ പറയുന്നത്. റവന്യൂ വകുപ്പിന് കീഴിലുണ്ടായിരുന്ന സാന്റ് ബാങ്ക്‌സിനെ ഈ അടുത്ത കാലത്താണ് ടൂറിസം വകുപ്പ് ഏറ്റെടുത്തത്.

ഓരോ ഞായറാഴ്ച്ചയും വീതം വിവിധ സന്നദ്ധ സംഘടനകളുടെ തേൃത്വത്തില്‍ സാന്റ് ബാങ്ക്‌സ് ശുചീകരിക്കുന്നതാണ് പദ്ധതി. ആദ്യത്തെ ശുചീകരണം സൈക്ലിങ്ങ് ക്ലബ്ബായ വടകര റൈഡേഴ്സ് ഏറ്റെടുത്തു നടത്തി. ഇനിയുള്ള ഞായറാഴ്ചകളില്‍ മറ്റുള്ള കൂട്ടായ്മകള്‍ ഇത് ഏറ്റെടുത്ത് നടത്തും. ക്രീഡ വടകര, സേവന ചാരിറ്റബിള്‍ ട്രസ്റ്റ്, ബിള്‍ട്രസ്റ്റ് എന്നീ സംഘടനകളും ശുചീകരണത്തിന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്.

Also Read:  ഹാക്ക് ചെയ്ത വെബ്‌സൈറ്റ് തിരിച്ചുകിട്ടിയില്ല; ബി.ജെ.പിക്ക് സഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്

വടകരയിലെ ഒരുപാട് സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുള്ള ബിസിനസ്സ് സ്ഥാപനമാണ് ക്രീഡ. സാന്റ് ബാങ്ക്‌സില്‍ പോകുമ്പോഴെല്ലാം ചെറിയ തോതില്‍ വൃത്തിയാക്കുമായിരുന്നെങ്കിലും പൂര്‍ണ്ണമായ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. വടകരയിലെ റൈഡേഴ്‌സ് ക്ലബ്ബാണ് ആദ്യം ഇങ്ങനെയൊരു ആശയം മുന്നോട്ട് വെക്കുന്നത്. നമ്മുടെ ബീച്ചും പരിസരവും വൃത്തിയാക്കുക എന്നത് നമ്മുടെ ഉത്തരവാധിത്വമാണ് എന്ന് തോന്നി. വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇങ്ങനെയൊരു ചാലഞ്ചിനെ കുറിച്ച് പറഞ്ഞപ്പോള്‍ ആവേശത്തോടെയാണ് എല്ലാവരും പ്രതികരിച്ചതിന്.അങ്ങനെയാണ് ചാലഞ്ച് ഏറ്റെടുക്കുന്നത്. വരും ഞായറാഴ്ച്ചകളില്‍ ചാലഞ്ച് ഏറ്റെടുത്ത ഓരോര്‍ത്തരും സാന്റ് ബാങ്ക്‌സ് വൃത്തിയാക്കും. ഇതിനുള്ള ബാസ്്കറ്റും മറ്റും ലഭിച്ചിട്ടുണ്ട്. ക്രീഡ ഫിറ്റ്‌നെസ്സ് സെന്റര്‍ ഉടമ മിനി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ദിവസവും ഒട്ടേറെ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് സാന്റ് ബാങ്ക്സ്. മാലിന്യ ശേഖരണ വീപ്പകളോ സംസ്‌കരണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ബീച്ച് ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാണ്. പ്ലാസ്റ്റിക്ക് കുപ്പികള്‍ കവറുകള്‍ തുടങ്ങിയവയെല്ലാം തീരത്ത് അടഞ്ഞികിടക്കുന്നത് കാണാം. ഇതിനൊരു പരിഹാരമുണ്ടാക്കി തീരത്തെ സുന്ദരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. മാലിന്യം വലിച്ചെറിയാതിരിക്കാന്‍ സാന്‍ഡ് ബാങ്ക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ 10 മാലിന്യവീപ്പകളും സ്ഥാപിച്ചിട്ടുണ്ട് എന്നും മുന്‍സിപ്പാലിറ്റി സെക്രട്ടറി കെ.യു ബിനി മാധ്യമങ്ങളോട് പറഞ്ഞു.

ഇവയുടെ ഉത്തരവാദിത്വം സാന്‍ഡ് ബാങ്ക്‌സ് കെയര്‍ടേകര്‍ പി സജീവനാണ്. ആദ്യത്തെ ഞായറാഴ്ച്ച നഗരസഭ ജീവനക്കാര്‍ തന്നെ ശുചീകരണത്തിനിറങ്ങി മാതൃക കാണിച്ചതും ശ്രദ്ധേയമാണ്.

ചെറുകിട സ്ഥാപനങ്ങള്‍ വരെയും ചാലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ട്. വടകരയിലെ പ്രധാന വിനോദകേന്ദ്രമായ സാന്റ് ബാങ്ക്‌സിലേക്ക് ഇപ്പോള്‍ മറ്റ് പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട് എന്ന് മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍ പറഞ്ഞു.

സൗമ്യ ആര്‍. കൃഷ്ണ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more