| Tuesday, 21st September 2021, 5:42 pm

മമ്മൂട്ടി ചീത്ത വിളിച്ചതോടെ ഭദ്രന്‍ പിണങ്ങിപ്പോയി; മരത്തില്‍ നിന്ന് മമ്മൂട്ടിയെ ഇറക്കാന്‍ ഫയര്‍ഫോഴ്സിനെ വിളിച്ച കഥ പങ്കുവെച്ച് ഗുഡ്നൈറ്റ് മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവാണ് ഗുഡ് നൈറ്റ് മോഹന്‍. കിലുക്കം, മിന്നാരം, കാലാപാനി, സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് തുടങ്ങിയ ഒട്ടേറെ സിനിമകളാണ് ഗുഡ് നൈറ്റ് മോഹന്റെ ബാനറില്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുള്ളത്.

മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് അയ്യര്‍ ദി ഗ്രേറ്റ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നടന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് മോഹന്‍.

”സിനിമയുടെ സംവിധായകനായ ഭദ്രന്‍ പെര്‍ഫക്ഷന്റെ ആളാണ്. ഷൂട്ടിംഗിനിടയിലെ ചെറിയ മിസ്റ്റേക്കേ് പോലും പുള്ളി സമ്മതിക്കില്ല. അത് ശരിയാവുന്നത് വരെ ഭദ്രന്‍ റീ ഷൂട്ട് ചെയ്യും.

സിനിമയുടെ ഒരു ഭാഗത്ത് മമ്മൂട്ടി മരത്തില്‍ കയറുന്ന സീന്‍ ഉണ്ട്. മമ്മൂട്ടി എത്ര മരം കയറിയിട്ടും ഭദ്രന് തൃപ്തിയാവുന്നില്ല. ഇനിയും ഒരു സ്റ്റെപ്പ് കൂടെ കയറൂ എന്ന് അദ്ദേഹം മമ്മൂട്ടിയ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.

തനിക്ക് മരത്തില്‍ കയറാന്‍ അറിയില്ലെന്നും, പേടിയാവുന്നുണ്ടെന്നും മമ്മൂട്ടി പറയുന്നുണ്ട്. എന്നാല്‍ ഭദ്രന്‍ അതൊന്നും വകവെക്കാതെ മമ്മൂട്ടിയെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഒടുവില്‍ സഹികെട്ട് മമ്മൂട്ടി ഭദ്രനെ ചീത്ത പറയുകയും ഭദ്രന്‍ ദേഷ്യപ്പെട്ട് പാക്കപ്പ് പറഞ്ഞ് കാറില്‍ കയറി പോവുകയും ചെയ്തു.

എന്നാല്‍ അപ്പോഴും മമ്മൂട്ടി മരത്തിന്റെ മുകളിലായിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിലെ എല്ലാവരും അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിക്കുന്നുണ്ട്. ഒന്നും കഴിയാതെ വന്നപ്പോള്‍ അവസാനം ഫയര്‍ ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് മമ്മൂട്ടിയെ താഴെയിറക്കിയത്,’ മോഹന്‍ പറയുന്നു.

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് അയ്യര്‍ ദി ഗ്രേറ്റിലെ വൈകുണ്ഠം സൂര്യനാരായണ അയ്യര്‍്. മമ്മൂട്ടിയോടൊപ്പം ഗീത, സുകുമാരി, ശോഭന, ദേവന്‍ തുടങ്ങിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Good Night Mohan About Bhadhran and Mammootty

We use cookies to give you the best possible experience. Learn more