ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായും പാര്‍ട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ‘എതിരാളി’യായ സച്ചിന്‍ പൈലറ്റുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്.
ഗെലോട്ടും പൈലറ്റും തമ്മിലുള്ള തര്‍ക്കം അടുത്തവര്‍ഷത്തെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.
‘നല്ല വാര്‍ത്ത ഉടന്‍ പുറത്തുവരും'(Good news will come soon), എന്ന് കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചതായാണ് ഇപ്പോള്‍ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൈലറ്റുമായും ഗെലോട്ടുമായും രാജസ്ഥാനിലെ അല്‍വാറിലെ സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് നടത്തിയ അനുരഞ്ജന യോഗത്തിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഗെലോട്ടും പൈലറ്റും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് നടന്നിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഏകദേശം മുപ്പത് മിനിട്ടോളം നീണ്ടുനിന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലും പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം ഭാരത് ജോഡോ യാത്രയുടെ ക്യാമ്പിലേക്കാണ് രാഹുല്‍ ഗാന്ധി പോയത്.
അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണ് രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ ബാധിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഈ യോഗം നടന്നിരിക്കുന്നതും.
രാജസ്ഥാനിലെ യാത്രയിലുടനീളം ഗെലോട്ടിന്റെയും പൈലറ്റിന്റെയും ഭിന്നതയെകുറിച്ചുള്ള ചോദ്യം രാഹുല്‍ ഗാന്ധി നേരിട്ടിരുന്നു.
ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ എത്തുന്നതിന് തൊട്ടുമുമ്പായി എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ രാജസ്ഥാന്റെ മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിന്‍ പൈലറ്റിനെ ‘വഞ്ചകന്‍’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഗെലോട്ട് നടത്തിയ വിവാദ പരാമര്‍ശം കോണ്‍ഗ്രസിന് വിനയായിരുന്നു.
”ഒരു രാജ്യദ്രോഹിക്ക് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. പത്ത് എം.എല്‍.എമാര്‍ പോലുമില്ലാത്ത സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ ഹൈക്കമാന്റിന് ഒരിക്കലും കഴിയില്ല.
ആരാണ് കലാപം നടത്തിയത്, അദ്ദേഹം പാര്‍ട്ടിയെ ഒറ്റികൊടുത്തു,” എന്നായിരുന്നു ഗെലോട്ട് സച്ചിന്‍ പൈലറ്റിനെ കുറിച്ച് പറഞ്ഞത്.
കോണ്‍ഗ്രസ് ഒത്തൊരുമയോടെ മുന്നോട്ട് പോകേണ്ട ഒരു സമയത്ത് മുതിര്‍ന്ന നേതാവ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് ‘യോഗ്യമല്ലെന്ന്’ പൈലറ്റ് ഇതിന് തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ഇതിനിടയില്‍ കോണ്‍ഗ്രസ് പൈലറ്റിനെയും ഗെലോട്ടിനെയും വെച്ച് സംയുക്ത വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ക്കുകയും ‘ഇരു നേതാക്കളും പാര്‍ട്ടിക്ക് ആവശ്യമാണ്’ എന്ന് അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഭാരത് ജോഡോ യാത്രക്ക് പകരം രാഹുല്‍ ഗാന്ധി ‘കോണ്‍ഗ്രസ് ജോഡോ’ യാത്ര നടത്തേണ്ടി വരുമെന്നാണ് രാജസ്ഥാന്‍ വിഷയത്തെ മുന്‍നിര്‍ത്തി മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശിക്കുന്നത്.
Content Highlight: Good News Will Come Soon, Says Rahul Gandhi on Rajasthan Reconciliation