| Thursday, 8th December 2022, 5:41 pm

മലയാളികൾക്ക് വീണ്ടും സന്തോഷ വാർത്ത; കാര്യവട്ടത്ത് ഇന്ത്യ-ശ്രീലങ്ക മത്സരം ഉടൻ

സ്പോര്‍ട്സ് ഡെസ്‌ക്

മലയാളി ക്രിക്കറ്റ്‌ ആരാധകർക്ക് വീണ്ടും ആഹ്ലാദ വാർത്ത. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ-വിൻഡീസ് ടി ട്വന്റി മത്സരത്തിന് ശേഷം തലസ്ഥാന നഗരിയിൽ വീണ്ടും ക്രിക്കറ്റ്‌ ആവേശം ഉയരുകയാണ്.

അടുത്ത വർഷം നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ത്രിദിന ഏകദിന പരമ്പരയിലെ മത്സരത്തിനാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. വിവരം ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ജനുവരി 10,12,15 തീയതികളിലാണ് ശ്രീ ലങ്കയ്‌ക്കെതിരായ പരമ്പരയിലെ ഏകദിന മത്സരങ്ങള്‍ നടക്കുക. പരമ്പരയിലെ ആദ്യ മത്സരം ഗുവാഹത്തിയിലും രണ്ടാം മത്സരം കൊല്‍ക്കത്തയിലുമാണ് നടക്കുക.

    15 ന് നടക്കുന്ന അവസാന ഏകദിന മത്സരമാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നത്. ഇന്ത്യയുടെ അടുത്ത വർഷത്തെ ഹോം സീസൺ മത്സരങ്ങളുടെ തീയതിയും ബി.സി. സി.ഐ പുറത്ത് വിട്ടിട്ടുണ്ട്.

ജനുവരി ആദ്യത്തോടെ നടക്കുന്ന ശ്രീലങ്കക്കെതിരെയുള്ള ത്രിദിന ടി ട്വന്റി, ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഹോം സീസൺ ആരംഭിക്കുന്നത്.

തുടർന്ന് ജനുവരി 18 മുതൽ ന്യൂസിലൻഡ് പരമ്പര ആരംഭിക്കും. കിവീസിനെതിരായ ത്രിദിന പരമ്പരക്ക് ഹൈദരാബാദ്, റായ്‌പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളാണ് വേദിയാവുക. 18, 21, 24 തീയതികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ഏകദിന മത്സരങ്ങൾക്ക് ശേഷം ജനുവരി 27 മുതൽ ന്യൂസിലൻഡിനെതിരായ ടി ട്വന്റി പരമ്പരക്ക് ഇന്ത്യ ഇറങ്ങും. ജനുവരി 27, 29 ഫെബ്രുവരി 1 എന്നീ തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്ക് യഥാസമയം റാഞ്ചി, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് നടത്തപ്പെടുക.

കിവീസിനെതിരെയുള്ള പരമ്പരക്ക് ശേഷം ഓസ്ട്രേലിയക്കെതിരെയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഫെബ്രുവരി ഒമ്പതിനാണ് ആരംഭിക്കുന്നത്. ദല്‍ഹിയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തോടെ തുടങ്ങുന്ന പരമ്പര യിലെ ശേഷിക്കുന്ന ടെസ്റ്റ്‌ മത്സരങ്ങൾക്ക് ധര്‍മശാല, അഹമ്മദാബാദ് എന്നിവിടങ്ങളാണ് വേദി.

ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരക്ക് ശേഷം മാർച്ച്‌ 17ന് മുംബൈയിൽ ആരംഭിക്കുന്ന ഏകദിന മത്സര പരമ്പരയോടെ ഇന്ത്യൻ ടീമിന്റെ ഹോം സീസൺ മത്സരങ്ങൾ പൂർത്തിയാകും. മാർച്ച്‌ 19 ന് വിശാഖ പട്ടണത്തും 22 ന് ചെന്നൈയിലുമാണ് ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മറ്റ് മത്സരങ്ങൾ നടക്കുന്നത്.

അതേസമയം നിലവിൽ നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയിലെ അവസാന മത്സരം ഡിസംബർ 10 ഷേർ-ഇ-ബംഗ്ലാ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ബംഗ്ലാദേശിന് ശേഷിക്കുന്ന മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ വൈറ്റ് വാഷ് ചെയ്യാൻ സാധിക്കും.

Content Highlights:Good news for Malayalees again India Sri Lanka match at Karyavattom soon

We use cookies to give you the best possible experience. Learn more