ആരാധകർക്ക് സന്തോഷ വാർത്ത; ഇന്ത്യയിൽ പെലെയുടെ പേരിൽ സ്റ്റേഡിയത്തിന് സാധ്യത
football news
ആരാധകർക്ക് സന്തോഷ വാർത്ത; ഇന്ത്യയിൽ പെലെയുടെ പേരിൽ സ്റ്റേഡിയത്തിന് സാധ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd January 2023, 11:42 am

ലോക ഫുട്ബോളിലെ ഇതിഹാസ താരമായിരുന്നു ബ്രസീൽ താരം പെലെ. ഡിസംബർ 29 നാണ് താരം അന്തരിച്ചത്. മൂന്ന് ലോകകപ്പുകളും, ഫിഫയുടെ നൂറ്റാണ്ടിലെ താരവുമൊക്കെയായി വാഴ്ത്തപ്പെട്ട പെലെ 1363 മത്സരങ്ങളിൽ നിന്നും 1276 ഗോളുകളാണ് തന്റെ കരിയറിൽ  മൊത്തത്തിൽ സ്വന്തമാക്കിയത്.

സാന്റോസിനും ന്യൂയോർക് കോസ്മോസിനും വേണ്ടിയാണ് പെലെ ക്ലബ്ബ് ജേഴ്സി അണിഞ്ഞിട്ടുള്ളത്. എന്നാലിപ്പോൾ മൺമറഞ്ഞുപോയ താരത്തിന്റെ പേരിൽ ഇന്ത്യയിൽ സ്റ്റേഡിയം നിർമ്മിക്കപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

ഫിഫ എല്ലാ അംഗ രാജ്യങ്ങളോടും ഒരു സ്റ്റേഡിയം പെലെയുടെ പേരിൽ നാമകരണം ചെയ്യാൻ ആവശ്യപ്പെട്ടു എന്ന കാര്യം ഫിഫ പ്രസിഡന്റ്‌ ഗിയാനി ഇൻഫാന്റിനോയാണ് മാധ്യമങ്ങളോട് പറഞ്ഞത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പെലെയുടെ മരണാനന്തര ചടങ്ങുകൾക്കായി സാന്റോസിൽ എത്തിച്ചേർന്നപ്പോഴാണ് ഗിയാനി മാധ്യമ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ.

‘ഞങ്ങൾ ലോകത്തിലെ എല്ലാ രാജ്യങ്ങളോടും അവരുടെ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നിന് പെലെ എന്ന് പേര് നൽകാൻ ആവശ്യപ്പെടുകയാണ്,’ വില ബെൽമിറോയിൽ വെച്ച് ഗിയാനി പറഞ്ഞു.

“ഞങ്ങൾ വളരെ സങ്കടത്തിലാണ്. പെലെ അതുല്യനാണ്. അദ്ദേഹം ലോക ഫുട്ബോളിന്റെ മുഖമാണ് ഗിയാനി കൂട്ടിച്ചേർത്തു.
ഫിഫ ആസ്ഥാനമായ സൂറിച്ചിൽ പെലെയോടുള്ള ആദര സൂചകമായി പതാക താഴ്ത്തിയിരുന്നു.

കൂടാതെ സാന്റോസിൽ പ്രദർശിപ്പിച്ച പെലെയുടെ പൊതുദർശന ചടങ്ങിൽ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.

15ാം വയസില്‍ ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി പന്ത് തട്ടിയാണ് പെലെ പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്തേക്ക് കാലെടുത്ത് വച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാല് ഗോളടിച്ച് ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധയൊന്നാകെ അദ്ദേഹം തന്നിലേക്കാവാഹിച്ചു.

തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ടീമില്‍ ഇടം നേടാനും പെലെക്ക് സാധിച്ചു. തുടര്‍ന്നങ്ങോട്ട് കുതിപ്പിലും കിതപ്പിലും ടീമിന്റെ കരുത്തായി. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന ഐതിഹാസികമായ കരിയറിൽ നേടിയത് എണ്ണം പറഞ്ഞ നിരവധി ഗോളുകള്‍.

ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകള്‍ നേടി. 1958, 1962, 1970 ലോകകപ്പുകളില്‍ ബ്രസീല്‍ ചാമ്പ്യന്‍മാരായപ്പോള്‍ പെലെയായിരുന്നു ടീമിന്റെ നെടുംതൂണായത്. 1971ലായിരുന്നു അവസാന രാജ്യാന്തര മത്സരം.

രാജ്യത്തിനായി കളിച്ചത് 92 മത്സരങ്ങള്‍. 77 ഗോളടിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍. ഖത്തര്‍ ലോകകപ്പില്‍ നെയ്മര്‍ ആ നേട്ടത്തിനൊപ്പമെത്തി. ക്ലബ്ബ് ഫുട്‌ബോളില്‍ സാന്റോസിലായിരുന്നു ഏറെക്കാലം കളിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്ക് കോസ്‌മോസിന് വേണ്ടിയും പന്ത് തട്ടി.

ഫുട്‌ബോളിന്റെ കുലപതിയായി മാറി. കരിയറില്‍ നേടാത്ത ബഹുമതികള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം. രണ്ടായിരത്തില്‍ ഫിഫയുടെ നൂറ്റാണ്ടിന്റെ താരമായി.

പ്രായത്തിന്റെ അവശതക്കൊപ്പം അവസാനകാലത്ത് കുടലിനെ ബാധിച്ച അര്‍ബുദം ആശുപത്രിവാസത്തിന് കാരണമായി. പരിശോധനയില്‍ കരളിലും ശ്വാസകോശത്തിലും മുഴകള്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയവേയായിരുന്നു അദ്ദേഹത്തിന്റെ മരണം.

 

Conten Highlights: Good news for fans There is a possibility of a stadium named Pele in India