മെസി, നെയ്മർ, എംബാപ്പെ അടക്കമുള്ള സൂപ്പർ താരങ്ങൾ കളിക്കുന്ന ക്ലബ്ബ് എന്ന നിലയിൽ ലോകത്ത് വലിയ ആരാധകരുള്ള ടീമാണ് പി.എസ്.ജി.
മെസിയുമായി ക്ലബ്ബ് കരാർ ഒപ്പുവെച്ചതോടെ വലിയ ഒരു കൂട്ടം ആരാധകർ പി.എസ്. ജിയിലെക്ക് എത്തിച്ചേർന്നിരുന്നു.
എന്നാൽ സ്‌ക്വാഡ് ഡെപ്ത്തിലും ആരാധകരുടെ എണ്ണത്തിലും സമ്പത്തിന്റെ കാര്യത്തിലും ലോകത്തെ ഏത് വൻ ക്ലബ്ബിനോടും കിടപിടിക്കുമെങ്കിലും നിരവധി പ്രശ്നങ്ങളാൽ പ്രതിസന്ധിയിലായിരുന്നു ടീം.
താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയും ക്ലബ്ബിലെ സ്ഥാനങ്ങളുടെ ഏറ്റക്കുറച്ചിലിനെ ചൊല്ലിയുള്ള തർക്കവും കൂടാതെ പ്രതിരോധത്തിലടക്കമുള്ള പാളിച്ചകളും ക്ലബ്ബ് മാനേജ്മെന്റിനും പരിശീലക സംഘത്തിനും നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന സംഗതികളായിരുന്നു.
എന്നാലിപ്പോൾ ടീം അതിന്റെ ഡിഫൻസീവ് ഡിപ്പാർട്മെന്റിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി പുതിയൊരു താരത്തെ സൈൻ ചെയ്തിരിക്കുകയാണ്.
ഇന്റർ മിലാൻ താരമായ ഇന്റർ സ്ക്രിനിയറെയാണ് പി.എസ്.ജി സൈൻ ചെയ്തിരിക്കുന്നത്.
നിരന്തരം ഗോൾ വഴങ്ങേണ്ടി വരുന്നെന്നും എതിർ ടീമിന്റെ മുന്നേറ്റ നിരയെ തടയാൻ കഴിയുന്നില്ലെന്നും നിരന്തരം പഴി കേട്ട പി.എസ്.ജി പ്രതിരോധനിരക്ക് ഒരു ആശ്വാസമാണ് താരത്തിന്റെ സൈനിങ്.
ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് സ്ക്രിനിയറെ പി.എസ്.ജി സൈൻ ചെയ്ത കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
മുമ്പും പ്രതിരോധത്തിലെ പാളിച്ചകൾ നീക്കാൻ സ്ക്രിനിയറെ പി.എസ്.ജി സമീപിച്ചിരുന്നെങ്കിലും ക്ലബ്ബിന്റെ ഓഫർ താരം തള്ളിക്കളയുകയായിരുന്നു.
പിന്നീട് ജനുവരി ആദ്യം 20മില്യൺ യൂറോയുടെ ഒരു ഓഫറുമായി പി.എസ്.ജി താരത്തെ സമീപിച്ചിരുന്നെങ്കിലും ആ ഓഫറും താരത്തിന് സ്വീകാര്യമായിരുന്നില്ല. തുടർന്നാണ് പുതിയൊരു ഓഫർ പി.എസ്.ജി മിലാൻ സ്ക്രിനിയർക്ക് മുമ്പിലേക്ക് വയ്ക്കുന്നതും താരം അത് സ്വീകരിക്കുന്നതും.
എന്നാൽ പി.എസ്.ജി സ്ക്രിനിയർക്ക് മുന്നിലേക്ക് വെച്ച ഓഫർ എന്തെന്ന കാര്യത്തിൽ സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
അതേസമയം ട്രാൻസ്ഫർ വിൻഡോ ഉടൻ അവസാനിക്കാനിരിക്കെ ക്ലബിലേക്ക് പുതിയ സൈനിങ് ഉണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഫ്രഞ്ച് ലീഗായ ലീഗ് വണ്ണിന്റെ പോയിന്റ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
19 മത്സരങ്ങളിൽ നിന്നും 47 പോയിന്റുകളാണ് ടീം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ജനുവരി 30ന് ഇന്ത്യൻ സമയം പുലർച്ചെ 1:15ന് റെയിംസുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights:Good news for fans; P.S.G sign Milan Skriniar