ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ആഹ്ലാദം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചാ വിഷയം. നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ഇന്ത്യ-പാക് ടെസ്റ്റ് മത്സരത്തിന് സാധ്യതയുണർത്തുന്ന തരത്തിലുള്ള ചർച്ചകളുമായി രംഗത്ത് വന്നിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.
പ്രശ്‌സ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ഇന്ത്യ-പാക് മത്സരം സംഘടിപ്പിക്കുന്നതിനായുള്ള ചർച്ചകൾ മെൽബൺ ക്രിക്കറ്റ് ക്ലബ്ബും വിക്ടോറിയൻ ഗവൺമെന്റും ക്രിക്കറ്റ് ഓസ്ട്രേലിയയോട് നടത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ടി-20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം നൽകിയ സാമ്പത്തിക വിജയമാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ മെൽബൺ ക്രിക്കറ്റ് ക്ലബ്ബിനെ പ്രരിപ്പിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇ.എസ്.പി.എനാണ് വാർത്ത പുറത്ത് വിട്ടത്.
ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസത്തിൽ സെന്‍ റേഡിയോയില്‍ സംസാരിക്കവേ, മെൽബൺ ക്രിക്കറ്റ് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് ആയ സ്റ്റുവര്‍ട്ട് ഫോക്സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മെൽബൺ ക്രിക്കറ്റ് ക്ലബും വിക്ടോറിയ സര്‍ക്കാരും ന്യൂട്രല്‍ ടെസ്റ്റ് നടത്തുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചർച്ച നടത്തിയതായാണ് വെളിപ്പെടുത്തിയത്.
2007 മുതൽ ഇന്ത്യയും പാകിസ്ഥാനും ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടില്ല. കൂടാതെ 2013 മുതൽ മേജർ ടൂർണമെന്റുകൾക്കല്ലാതെ പരമ്പരകൾ ഇരു ടീമുകളും തമ്മിൽ കളിച്ചിട്ടില്ല.
“തീർച്ചയായും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സര പരമ്പര എം.സി.ജിയിൽ നടത്താൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അത് സ്റ്റേഡിയം നിറക്കും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഞങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയയോടും സർക്കാരിനോടും ഇക്കാര്യത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
ഇതൊരു കുഴഞ്ഞുമറിഞ്ഞ കാര്യമാണെന്ന് എനിക്കറിയാം. തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിൽ ഒരു വെല്ലുവിളിയാണ് ഈ പരമ്പരയുടെ നടത്തിപ്പ്. പക്ഷെ ഞങ്ങൾക്ക് ഇത് നടത്താൻ ആഗ്രഹമുണ്ട്,’ സ്റ്റുവർട്ട് ഫോക്സ് പറഞ്ഞു.
2023-നും 2027-നും ഇടയിലെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പരകളൊന്നും ഷെഡ്യൂൾ ചെയ്യപ്പെട്ടിട്ടില്ല.
കൂടാതെ 2023ലെ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പിലും. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും ഇരു രാജ്യങ്ങളും കളിക്കില്ല എന്ന തരത്തിലുള്ള തർക്കങ്ങളും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ-പാക് ടെസ്റ്റ് ഭാവി എന്താകും എന്ന് ഉറ്റു നോക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
Content Highlights:Good news for fans; India-Pakistan Test series maybe happen in MCG stadium